നടൻ കൃഷ്ണകുമാറും ബി.ജെ.പി. വിടുന്നു?നഡ്ഡ പങ്കെടുത്ത പരിപാടിയിൽ വേദിയിൽ ഇടംകിട്ടാഞ്ഞതിന് പിന്നാലെ നിലപാട് കടുപ്പിയ്ക്കുന്നു
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍നിന്ന് പുറത്തേക്കെന്ന് സൂചന. തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ അവഗണിക്കപ്പെട്ടതില്‍ അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നിരുന്നു.
ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗമായ തനിക്ക് വേദിയില്‍ സ്ഥാനം കിട്ടാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. ജില്ലയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിന്റെ ഭാഗമായുള്ള നേതാക്കള്‍ക്കെല്ലാം വേദിയില്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഗ്രൂപ്പുകളുടെ ഭാഗമാകാതെ നില്‍ക്കുന്ന തന്നെ അവഗണിച്ചു എന്ന ചിന്ത കൃഷ്ണകുമാറിനുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 35,000-ത്തോളം വോട്ടാണ് കൃഷ്ണകുമാര്‍ നേടിയത്. തിരുവനന്തപുരം സീറ്റ് നോട്ടമിട്ടിരുന്ന ജില്ലയിലെ ഒരു നേതാവിന് കൃഷ്ണകുമാറിന് സീറ്റ് നല്‍കുന്നതിനോട് തത്പര്യമുണ്ടായിരുന്നില്ല. നഡ്ഡ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം. എന്നാല്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണകുമാര്‍ ചടങ്ങിനെത്തിയത്.
പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നത്. വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.