ചുരുളി; ലിജോ ജോസ് പെല്ലിശേരിക്കും ജോജു ജോര്‍ജിനും നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: ചുരുളി സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കി.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. സിനിമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തെറ്റായ സന്ദേശം നല്‍കുന്നുവെന്നുമാണ് ഹര്‍ജിയിലെ പരാതി. തൃശൂര്‍ സ്വദേശിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ക്കും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയയ്ക്കാന്‍ തീരുമാനിക്കുകയായിരിന്നു. ഇവരുടെ മറുപടി ലഭിച്ച ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.