
തിരുവനന്തപുരം: ഹൈസ്‌കൂള്‍ പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിര്‍ദേശം. എട്ടാംക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് നിര്‍ദേശം.
കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്തുള്ള പരീക്ഷ (ഓണ്‍ ഡിമാന്‍ഡ് എക്സാം), വീട്ടില്‍ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓണ്‍ലൈന്‍ പരീക്ഷ എന്നീ സാധ്യതകളും പ്രയോജനപ്പെടുത്താം. ഇതിനായി എസ്സിഇആര്‍ടി മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളെ ക്ലാസ് പരീക്ഷ നടത്തി ടീച്ചര്‍ വിലയിരുത്തണം.
തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങള്‍ക്കുള്ള ശേഷി, ഉത്തരവാദിത്തപൂര്‍ണമായി തീരുമാനമെടുക്കല്‍ എന്നീ അഞ്ചു കഴിവുകള്‍ വിലയിരുത്തും. പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍.
അഞ്ചു ശേഷികളില്‍ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത് എന്നിങ്ങനെ മൂന്നുതരത്തില്‍ മാര്‍ക്കിടും. പ്രോജക്ട്, സെമിനാര്‍, പഠനപ്രവര്‍ത്തനം, സംഘചര്‍ച്ച, സംവാദം, സ്ഥലസന്ദര്‍ശനം തുടങ്ങി വ്യത്യസ്തമാര്‍ഗങ്ങള്‍ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.