കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്കു ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് തിരിച്ചടി. മൂന്നാഴ്ചത്തേക്ക് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ലോക്ക് ഡൗണിനെത്തുടര്‍ന്നു ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള്‍ അടച്ചതു മൂലമാണ് മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
<p>ഇത്തരമൊരു ഉത്തരവ് നിയമവിരുദ്ധവും അധാര്‍മികവുമാണെന്നും ഐഎംഎ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കുന്നത് ശരിയായ ചികിത്സയല്ല. ഇതിനു ശാസ്ത്രീയ ചികിത്സ നിലവിലുണ്ടെന്നിരിക്കേ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള ഉത്തരവ് പൊതുജനങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ മാനസികാരോഗ്യ വിഭാഗം ചെയര്‍മാന്‍ ഡോ. എന്‍. ദിനേശാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരേ ടി.എന്‍. പ്രതാപന്‍ എംപി ഹര്‍ജിയും നല്‍കിയിരുന്നു.</p>