കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഇരയുടെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.
തുടര്‍ന്നാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍, പോക്സോ കേസ് പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന്റെ (23) ജാമ്യവ്യവസ്ഥകളില്‍ സമൂഹമാധ്യമ ഉപയോഗത്തിനുള്ള വിലക്കും ഉള്‍ക്കൊള്ളിച്ചത്. കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം മുതലായവ പ്രതി ഉപയോഗിക്കരുത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തീരും വരെ വ്യവസ്ഥ ബാധകമാണ്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള 2 പേരുടെ ജാമ്യവും വ്യവസ്ഥകളിലുണ്ട്.
പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ജന്മദിനത്തിനു സമ്മാനം നല്‍കാനെന്ന വ്യാജേന 2018 ല്‍ ചെറായി ബീച്ചിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു കേസ്. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും പ്രതിയെടുത്തു. പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ആറു തവണ മാനഭംഗപ്പെടുത്തി. വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇവ ഡിലീറ്റ് ചെയ്യണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നുമാണു കേസ്.