പാലാരിവട്ടം പാലം പൊളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ മേല്‍പ്പാലം പൊളിക്കരുതെന്നാണ് നിര്‍ദേശം. ബലക്ഷയം വിലയിരുത്താന്‍ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ മേല്‍പ്പാലം പൊളിക്കരുതെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ബലക്ഷയം വിലയിരുത്താന്‍ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും വ്യക്തമാക്കി. വിശദമായ ഭാരപരിശോധന നടത്തിയ ശേഷം മാത്രമേ പാലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന എന്‍ജിനിയര്‍മാരുടെ സംഘടനയുടെ ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് കോടതി നടപടി.
നേരത്തെ പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐഐടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റപണി മതിയെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇ ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹര്‍ജിയിലെ വാദം.