സമീപ കാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പി.എസ്.സി പരീക്ഷാ നടത്തിപ്പിന്റെ നിലവിലെ സ്ഥിതി ആശങ്കാ ജനകമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്നും സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സഫീര്‍ പത്തുദിവസത്തിനകം കീഴടങ്ങാനും നിര്‍ദേശം നല്‍കി. പിഎസ്സി സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജന്‍സിയാണ്. തട്ടിപ്പിലൂടെ അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണം. നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം ആവശ്യമാണ്, എങ്കിലേ ജനവിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാരും കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പരീക്ഷാ ദിവസം 96 മെസ്സേജുകളാണ് കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഈ മെസ്സേജുകളെല്ലാം ഉത്തരങ്ങളായിരുന്നു. രഹസ്യമായാണ് മെസ്സേജുകള്‍ കൈമാറാനുള്ള മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പരീക്ഷാ ഹാളിലേക്ക് കടത്തിയത്. എന്നാല്‍, പ്രതികള്‍ക്ക് എങ്ങനെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടി എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.