KeralaNews

രക്തസമ്മർദം ഉയർന്നു; പി.പി ദിവ്യ ചികിത്സതേടി; ആശുപത്രി പരിസരത്ത് പോലീസ് സാന്നിദ്ധ്യം

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ഒളിവിൽ കഴിയുന്ന പി.പി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞദിവസം രാത്രി രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അരമണിക്കൂറോളം ദിവ്യ ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രിക്ക് സമീപം ചില പോലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് വിവരം.

പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ച തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധി പറയും. കോടതി ജാമ്യാപേക്ഷ തള്ളിയാൽ ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുമെന്നാണ് സൂചന.

അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല. വിധി ദിവ്യയ്ക്കും അന്വേഷണസംഘത്തിനും നിര്‍ണായകമാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.

ഇല്ലെങ്കില്‍ കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ഹാജരായി ജാമ്യമെടുക്കേണ്ടിവരും. സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം നല്‍കുകയാണെങ്കില്‍ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജാരാകേണ്ടി വരും.

ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി സി.പി.എമ്മും ഉറ്റുനോക്കുന്നുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കില്‍ പെട്ടെന്നുതന്നെ ദിവ്യയ്ക്ക് എതിരേ പാര്‍ട്ടി നടപടിയുണ്ടായേക്കും. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker