‘ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഞങ്ങളല്ല, ഹിസ്ബുള്ളയാണ്‘ ; വിശദീകരണവുമായി ഇറാൻ
ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ റെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ. മാത്രവുമല്ല ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് പ്രസ്താവനയും ഇറാൻറെ ഭാഗത്ത് നിന്നുണ്ടായി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് ഇറാൻ യുഎൻ മിഷൻ ആണ് ഔദ്യോഗികമായി അറിയിച്ചത്.
ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുനേരേ ഇറാൻ പിന്തുണയുള്ള ലെബനീസ് ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം. ഇതോടെ മേഖലയിൽ പിരിമുറുക്കം വർദ്ധിച്ചു. സംഭവത്തിൽ ഇറാൻ തങ്ങളുടെ പങ്ക് നിഷേധിക്കുകയും ഇറാൻ പിന്തുണയുള്ള ലെബനൻ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ മേൽ കുറ്റം ചുമത്തുകയും ചെയ്തു.
“ലെബനീസ് ഹിസ്ബുള്ളയാണ് ഈ നടപടി സ്വീകരിച്ചത്,” ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു.ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻറെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വളരെ ഗുരുതരമായ തെററ് എന്നാണ് വധശ്രമത്തോട് പ്രതികരിച്ചുകൊണ്ട് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. എന്നെയും എൻറെ ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. രാജ്യത്തിൻറെ ഭാവി സുരക്ഷിതമാക്കാൻ ശത്രുക്കൾക്കെതിരെയുള്ള ന്യായമായ യുദ്ധം തുടരുന്നതിൽ നിന്ന് എന്നെയോ ഇസ്രായേൽ രാഷ്ട്രത്തെയോ തടയാൻ ഇതുകൊണ്ട് സാധിക്കില്ല.
തിന്മയുടെ അച്ചുതണ്ടിലുള്ള ഇറാനോടും പ്രതിനിധികളോടും ഞാൻ പറയുന്നു, ’ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടിവരും’. തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും ഇല്ലാതാക്കുന്നത് ഞങ്ങൾ തുടരും. ബന്ദികളെ ഗാസയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. വടക്കൻ അതിർത്തിയിൽ താമസിക്കുന്ന നമ്മുടെ പൗരന്മാരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരിച്ചയക്കും. മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചിരിക്കുന്നു.എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കാനും വരും തലമുറയുടെ സുരക്ഷാ യാഥാർത്ഥ്യമാക്കാനും ഇസ്രായേൽ നിശ്ചയിച്ചിരിക്കുന്നു,നെതന്യാഹു പറഞ്ഞു.
വടക്കൻ ഇസ്രയേലിലെ സീസേറിയയിലുള്ള നെതന്യാഹുവിന്റെ സ്വകാര്യവസതിയെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച രാവിലെ ഡ്രോണെത്തിയത്. നെതന്യാഹുവും ഭാര്യ സാറയും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ഇസ്രായേലിലേക്ക് രണ്ടുതവണയായി 55-ഓളം മിസൈലുകളാണ് ഹിസ്ബുള്ള അയച്ചത്. മിസൈലിന്റെ കഷണങ്ങൾ പതിച്ച് അൻപതുകാരൻ മരിണപ്പെടുകയും ചെയ്തു. നാലുപേർക്ക് പരിക്കേറ്റു. സെപ്റ്റംബറിലും നെതന്യാഹുവിനെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായിരുന്നു. നെതന്യാഹു സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവേ, ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിവെ ബെൻ ഗുറിയോൺ വിമാനത്താവളത്തിനുനേരേ യെമെനിലെ ഹൂതിവിമതർ ബാലിസ്റ്റിക് മിസൈൽ തൊടുത്തിരുന്നു. അത് ഇസ്രയേലിന്റെ മിസൈൽപ്രതിരോധസംവിധാനം നിർവീര്യമാക്കി.