കാത്തിരിപ്പിന് വിരാമം; ഹെല്‍മേറ്റ് നാലാം ഭാഗം പുറത്ത്
”ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കില് ജീവിതത്തില് ഏറ്റവും സ്വാദേറിയ അനുഭവം ഒറ്റപ്പെടലാണ്” രാത്രിയുടെ യാമങ്ങളില് ചുണ്ടില് മദ്യത്തിന്റെ ലഹരി നുണഞ്ഞ് അലക്‌സ് മാപ്പിള പറയുന്ന ഈ ഒരൊറ്റ ഡയലോഗ് മതി പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതയല്ലെന്ന് മനസ്സിലാകാന്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാളി പ്രേക്ഷകര്‍ ഒരു സീരിയല്‍ കില്ലറിന്റെ പുറകെയാണ്. ആ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് ഹെല്‍മെയ്റ്റിന്റെ നാലാം ഭാഗം പുറത്തിറങ്ങി. ആക്ഷന് രംഗങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന് ഷാജി കൈലാസും കുദൈവം എന്ന ചിത്രത്തിലൂടെ മലയാളത്തെ ദേശീയ പുരസ്‌കാര നിറവിലെത്തിച്ച ജിയോ ബേബിയും ചേര്ന്നാണ് ഹെല്‌മെയ്റ്റ് റിലീസ് ചെയ്തത്.
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടന് ഷാജു ശ്രീധറാണ് ഹെല്‌മെയ്റ്റിന്റെ നാലും 5ഉം ചാപ്റ്ററുകളില് പ്രധാന വേഷം ചെയ്യുന്നത്. മലയാള സിനിമകളിലൂടെയും സീരിയലിലൂടെയും മലയാളികള്ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഷാജു. അലക്‌സ് മാപ്പിള എന്ന ശക്തമായ കഥാപാത്രമായാണ് ചിത്രത്തില് ഷാജു എത്തുന്നത്. 25 വര്ഷമായി കലാരംഗത്ത് തുടരുന്ന ഷാജുവിന്റെ ശക്തമായ തിരിച്ചുവരവാണ് ഹെല്‌മെയ്റ്റിലെ കഥാപാത്രമെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില് ഷാജുവിന്റെ പുതിയ ഗെറ്റപ്പും ഡയലോഗുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ഗണത്തില്‍പ്പെടുന്ന ചിത്രം നവാഗതരായ നിജയ്‌ഘോഷ് തിരക്കഥ എഴുതി മഹേഷ് പി നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ ഹെല്‌മെയ്റ്റിന്റെ ഭാഗങ്ങള്‍ യൂട്യൂബിലടക്കം ഹിറ്റ് ലിസ്റ്റില് ഇടം പിടിച്ചിരുന്നു.