‘ക്യാര്‍’ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. മണിക്കൂറില്‍ 170 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. വടക്കന്‍ കേരളത്തില്‍ മഴയുടേയും കാറ്റിന്റെയും ശക്തി കുറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കാസര്‍ഗോഡ് മഴയ്ക്ക് നേരിയ ശമനമുണ്ട്.
കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം മഴ കനത്തിരുന്നു. 130 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സഞ്ചാരം. കൊങ്കണ്‍ തീരത്ത് നിന്ന് അകന്നു പോകുന്ന ചുഴലിക്കാറ്റ് ഒമാന്‍, കച്ച് മേഖലകളിലേക്ക് തിരിയാനുള്ള സാധ്യതയേറെയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം കാറ്റിന്റെ പ്രഭാവത്തില്‍ കര്‍ണാടകയുടെ വടക്കന്‍ ഭാഗങ്ങളില്‍ മഴ കനത്തു തുടങ്ങി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.