KeralaNews

സംസ്ഥാനത്ത് ചൂടുകൂടുന്നു,സ്വീകരിയ്‌ക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനിലകള്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാലും കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും തപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി ഇനി പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.

* പൊതുജനങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യണം. അത് വഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും.

* നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.

* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

* പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

* നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

* പുറം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റെടുക്കാവുന്നതാണ്.

* നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുന്നു.

* നിര്‍ജ്ജലീകരണം തടയാന്‍ ഒ.ആര്‍.എസ് ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

* വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

* ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker