തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കി. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
സര്‍ജറി കഴിയുമ്പോള്‍ സാധാരണയുണ്ടാകാറുള്ള പ്രശ്നങ്ങളേക്കാള്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് അനന്യ കടന്നുപോയതെന്ന് ഓപറേഷന്‍ സമയത്ത് ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. ഛര്‍ദി, മലബന്ധം, വേദനകള്‍, ഗ്യാസ് പ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. കുറേനാള്‍ ബുദ്ധിമുട്ടുകള്‍ നീണ്ട് നിന്നപ്പോള്‍ ഡോക്ടര്‍ തന്നെ റീ സര്‍ജറി വേണമെന്ന് പറഞ്ഞിരുന്നു. സര്‍ജറി കഴിഞ്ഞാല്‍ സാധാരണ നിലയില്‍ ഏഴ് ദിവസം കഴിഞ്ഞാല്‍ ഡിസ്ചാര്‍ജായി വീട്ടില്‍ പോകാം. എന്നാല്‍ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു.
കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അര്‍ജുന്‍ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി പറഞ്ഞു. അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരി പറഞ്ഞു. അനന്യ മരണപ്പെടുന്നതിന് തലേദിവസം വ്ളോഗിന് വേണ്ടി ഒരു വിഡിയോ ഷൂട്ട് ചെയ്യാന്‍ സാഹച്ചിരുന്നു. അന്ന് രാത്രി പോലും ഞങ്ങള്‍ പണം സമാഹരിക്കുന്നതിനെ കുറിച്ചും റീ സര്‍ജറി ചെയ്ത് ജീവിതത്തിലേക്ക് തിരികെ വരുന്നതിനെ കുറിച്ചുമാണ് സംസാരിച്ചത്.
വിഡിയോയെ കുറിച്ച് അന്വേഷിച്ച് രാവിലെ 10.30ന് അനന്യ വിളിച്ചിരുന്നു. തുടര്‍ന്ന് വൈകീട്ട് 5 മണിക്ക് വീഡിയോ ഷെഡ്യൂള്‍ ചെയ്ത് വച്ചു. ഉച്ചയ്ക്ക് 1.30ന് വരാമെന്ന് പറഞ്ഞാണ് അനന്യ ഫോണ്‍ വച്ചത്. അനന്യ വൈകി വരാറുള്ള വ്യക്തിയായതിനാല്‍ വൈകിയിട്ടും അസ്വാഭാവികത തോന്നിയിരുന്നില്ല. അഞ്ച് മണിക്ക് വിഡിയോ അപ്ലോഡ് ചെയ്തതിന്റെ പ്രിതകരണം അറിയാന്‍ ആറ് മണിക്ക് വിളിച്ച് നോക്കിയപ്പോഴാണ് ദയ എന്ന എന്റെ മറ്റൊരു സഹോദരി അനന്യ ആത്മഹത്യ ചെയ്തു എന്ന കാര്യം പറയുന്നത്-സഹോദരി പറഞ്ഞു.