നല്ല ഭർത്താവായിരുന്നു, പക്ഷെ പിന്നീട് പെരുമാറ്റം ഞെട്ടിച്ചു; അദ്ദേഹത്തെ നയന്‍താര തട്ടിയെടുത്തതാണ്
ചെന്നൈ:വ്യക്തി ജീവിതത്തിൽ ഒരുപാട് വിഷമഘട്ടങ്ങൾ അതിജീവിച്ച ശേഷമാണ് നയൻതാര ഇന്നത്തെ സൗഭാഗ്യങ്ങളിൽ ജീവിക്കുന്നത്. മാനസികമായ തകർത്ത സംഭവങ്ങൾ താരത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് മാധ്യമങ്ങളുടെ വേട്ടയാടലുണ്ടായി. ഗോസിപ്പുകൾ തുടരെ വന്നു. അന്നത്തെ പ്രശ്നങ്ങളൊന്നും ഇന്നും നയൻതാര മറന്നിട്ടില്ല. നയൻതാരയുടെ ജീവിതം മാറി മറിയുന്നത് പ്രഭുദേവയുമായുള്ള ബന്ധം തകർന്ന ശേഷമാണ്. ആരാധകർ പോലും നയൻതാരയെ വിമർശിച്ച കാലഘട്ടമായിരുന്നു അത്.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രഭുദേവയുമായി നയൻതാര അടുത്തപ്പോൾ പലർക്കും അത് ഉൾക്കൊള്ളാനായില്ല. എന്നാൽ എന്തുവന്നാലും ഈ ബന്ധം തുടരാൻ നയൻതാര ആഗ്രഹിച്ചു. പ്രഭുദേവയുടെ നിർദ്ദേശ പ്രകാരം കരിയർ വിടാനും തീരുമാനിച്ചു. വലിയ അവസരങ്ങൾ തേടി വരുമ്പോഴാണ് നയൻതാര സിനിമാ ലോകം വിടാനൊരുങ്ങിയത്. എന്നാൽ ഒരുമിച്ച് ജീവിക്കവെ താനെടുത്ത തീരുമാനം തെറ്റായി പോയെന്ന് നയൻതാരയ്ക്ക് തോന്നി. പ്രഭുദേവയുമായി അകന്ന നടി സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
പ്രണയത്തിലായിരുന്ന കാലത്ത് പ്രഭുദേവയ്ക്കും നയൻതാരയ്ക്കും നേരെ കടുത്ത വിമർശനം വരാൻ കാരണമായത് പ്രഭുദേവയുടെ മുൻ ഭാര്യ റംലത്തിന്റെ ആരോപണമാണ്. നയൻതാരയ്ക്കെതിരെ വലിയ ആരോപണം ഉന്നയിച്ചു. തന്റെ ഭർത്താവ് നയൻതാരയുമായി അടുത്തത് വിശ്വസിക്കാനായില്ലെന്ന് ഒരു അഭിമുഖത്തിൽ റംലത്ത് പറയുകയുണ്ടായി.
പ്രഭുദേവ നല്ല ഭർത്താവായിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷം ഞങ്ങളെ നന്നായി നോക്കി. അടുത്തിടെ പ്രഭു ഞങ്ങൾക്ക് വേണ്ടി ഒരു വീട് വാങ്ങി. എന്നാൽ ഇപ്പോൾ എല്ലാം മാറി. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് ഞെട്ടലാണ്. നിയമപ്രകാരം വിവാഹിതനായ ഒരാൾക്ക് രണ്ടാമത് വിവാഹം ചെയ്യാൻ പറ്റില്ല. മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന ആളാണ് നയൻതാരയെന്നും അന്ന് റംലത്ത് കുറ്റപ്പെടുത്തി. നയൻതാരയെ എവിടെ വെച്ചെങ്കിലും കണ്ടാൽ ഞാനവളെ ചവിട്ടും. മോശം സ്ത്രീയുടെ ഏറ്റവും വലിയ ഉദാഹരണമാണ് നയൻതാരയെന്നും അന്ന് റംലത്ത് ആരോപിച്ചു.
എന്നാൽ പിന്നീട് പ്രഭുദേവയുമായുള്ള ബന്ധം പിരിയാൻ റംലത്ത് തയ്യാറായി. വലിയ തുക അന്ന് റംലത്തിന് ജീവനാംശമായി നൽകുകയും ചെയ്തു. ഇതിന് ശേഷം നയൻതാരയ്ക്കൊപ്പം പ്രഭുദേവ ജീവിതവും ആരംഭിച്ചു. എന്നാൽ വൈകാതെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. രണ്ട് പേരും പിരിയുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ഡോക്യുമെന്ററിയിൽ പ്രഭുദേവയുമായി പിരിഞ്ഞതിനെക്കുറിച്ച് നയൻതാര സംസാരിക്കുന്നുണ്ട്.
പക്വതയില്ലാത്ത സമയത്തുള്ള ബന്ധമായിരുന്നു അതെന്നും ജീവിതത്തിൽ തെറ്റുകൾ പറ്റുമെന്നും നയൻതാര ഡോക്യുമെന്ററിയിൽ പറഞ്ഞു. കരിയർ വിടാൻ തന്നോട് ആവശ്യപ്പെട്ടത് പ്രഭുദേവയാണെന്നും പേരെടുത്ത് പറയാതെ നയൻതാര വെളിപ്പെടുത്തി. വിഘ്നേശ് ശിവൻ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോഴുള്ള മാറ്റങ്ങളെക്കുറിച്ചും നയൻതാര സംസാരിച്ചു. തന്റെ കരിയറിന് വലിയ പിന്തുണ നൽകുന്നയാളാണ് വിഘ്നേശെന്ന് നടി വ്യക്തമാക്കി. ഏത് സാഹചര്യവും തനിക്ക് നേരിടാൻ പറ്റും. എന്നാൽ വിഘ്നേശിന് വേദനിച്ചാൽ തനിക്ക് സഹിക്കാനാകില്ലെന്നും താരം പറഞ്ഞു.