അയാള്‍ എന്നെ പിറകിലൂടെ കെട്ടിപ്പിടിച്ചു! പത്ത് മിനുറ്റ് മതി, മഞ്ജുവിന്റെ മകളാക്കാം; വെളിപ്പെടുത്തി മാളവിക
കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക ശ്രീനാഥ്. നിവിന്‍ പോളി നായകനായ സാറ്റര്‍ഡെ നൈറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ തുടക്കം. സിനിമയില്‍ വേരുകളില്ലാത്തതിനാല്‍ ധാരാളം ഓഡിഷനുക്‌ളില്‍ പങ്കെടുത്താണ് മാളവിക സിനിമയിലെത്തുന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് മാളവിക.
സിനിമയില്‍ എത്തുന്നതിന് മുമ്പ് അഞ്ച് വര്‍ഷത്തോളം ഞാന്‍ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നുവെന്നാണ് മാളവിക പറയുന്നത്. അന്ന് കുറേ കാസ്റ്റിങ് ഏജന്‍സികള്‍ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. അങ്ങനെ കണ്ടൊരു പരസ്യത്തിലൂടെയാണ് മാളവിക ആ ഓഡിഷനിലേക്ക് എത്തുന്നത്.
”അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു പരസ്യം കണ്ടാണ് ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടത്. മഞ്ജു വാര്യരുടെ സിനിമയിലേക്കാണ്. ഫോണ്‍ ചെയ്തയാള്‍ അടുത്ത ദിവസം അയാളുടെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഒരു കാറില്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. എന്നേയും അമ്മയേയും അനിയത്തിയേയും തൃശ്ശൂര്‍ ഭാഗത്തുള്ള സ്റ്റുഡിയോയില്‍ ഓഡിഷനു കൊണ്ടു പോയി” എന്നാണ് മാളവിക പറയുന്നത്.
ഞങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയില്ല. ആദ്യം എന്നെക്കൊണ്ട് കുറേ രംഗങ്ങള്‍ അഭിനയിപ്പിച്ചു. പിന്നെ ഫോട്ടോസ് എടുത്തു തുടങ്ങി. അമ്മയും അനിയത്തിയും പുറത്ത് റിസപ്ഷനില്‍ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നുവെന്നും അത്രയും സുരക്ഷിതമായൊരിടമായിരുന്നു അതെന്നും മാളവിക പറയുന്നു. പിന്നീട് എന്നോട് അടുത്ത മുറിയില്‍ പോയി മുടി ചീകി ഒതുക്കാന്‍ പറഞ്ഞു. ഞാന്‍ മുടി ചീകി കൊണ്ടിരിക്കുമ്പോള്‍ അയാള്‍ എന്നെ പിറകില്‍ വന്ന് കെട്ടിപ്പിടിച്ചുവെന്നാണ് മാളവിക പറയുന്നത്.
ഞാന്‍ പേടിച്ച് ഐസ് ആയിപ്പോയി. കൈമുട്ട് ഉപയോഗിച്ച് അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചുവെന്നും ‘മാളവിക പറയുന്നു. ”മാളവിക ഇപ്പോള്‍ ഒന്നു കണ്ണടച്ചാല്‍ ഇനി ആളുകള്‍ മാളവികയെ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും. ഒരു 10 മിനിറ്റ് മാളവിക ഇവിടെ നിന്നാല്‍ മതി” എന്ന് അയാള്‍ എന്നോട് പറഞ്ഞുവെന്ന് മാളവിക പറയുന്നു. ഞാന്‍ കരയാന്‍ തുടങ്ങി. ശബ്ദം പുറത്തേക്ക് വരുന്നില്ല. അയാളുടെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. അത് തള്ളി താഴെയിടാന്‍ ശ്രമിച്ചു. അയാളുടെ ശ്രദ്ധ പെട്ടെന്ന് മാറിയപ്പോള്‍ ഞാനവിടെ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
പുറത്തിരിക്കുന്ന അമ്മയേയും അനിയത്തിയേയും ശ്രദ്ധിക്കാതെ റോഡിലൂടെ വരുന്ന ഏതോ ഒരു ബസില്‍ ഓടിക്കയറി. അവരും പുറകെ ഓടി ബസില്‍ കയറി. ഞാന്‍ അവിടെ ഇരുന്ന് അലറിക്കരഞ്ഞു. അവരോട് കാര്യം പറഞ്ഞുവെന്നു താരം പറയുന്നു. പിന്നെ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പട്ടാമ്പിയിലേക്ക് തിരിച്ചു പോയി. ഇതിന് ശേഷം ഞാന്‍ സിനിമ വേണ്ടെന്ന് വിചാരിച്ചതാണ്. ആ സമയത്ത് എനിക്ക് ധൈര്യം തന്നതും ഇക്കാര്യം പുറത്ത് പറയണം എന്ന് പറഞ്ഞതും അച്ഛനാണ്. അമ്മയ്ക്ക് പേടിയായിരുന്നുവെന്നും മാളവിക ഓര്‍ക്കുന്നു.
അതേസമയം ഈ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെ തന്നെ മഞ്ജു വാര്യര്‍ ബന്ധപ്പെട്ടുവെന്നും തനിക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കിയെന്നും മാളവിക പറയുന്നു.”മഞ്ജു വാര്യര്‍ എനിക്ക് മെസേജ് അയച്ചു. മാളവികയ്ക്ക് ഇങ്ങനെ സംഭവിച്ചു എന്നറിഞ്ഞതില്‍ വിഷമമുണ്ട്. ആ സിനിമയില്‍ ഞാനും ഒരു ഭാഗമായി എന്നതില്‍ അതിനേക്കാള്‍ വിഷമമുണ്ട്. ഇത് തുറന്നു പറയാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇങ്ങനെ ഒരു അനുഭവമുണ്ടായതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ ഒരിക്കലും വേണ്ടെന്ന് വെക്കരുത് എന്ന് മഞ്ജു ചേച്ചി പറഞ്ഞു” എന്നാണ് മാളവിക പറയുന്നത്.
കാസ്റ്റിങ് കൗച്ചിനെക്കുറിച്ചൊക്കെ സംസാരിക്കുന്നവര്‍ സിനിമയില്‍ നിന്നും പുറത്താകുന്ന കാഴ്ചകള്‍ക്കിടയിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെ മെസേജ് അയച്ചതെന്നത് മാളവിക പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തന്റെ പേര് പരാമര്‍ശിക്കാതെ രമ്യാ നമ്പീശനും ഒരു അഭിമുഖത്തില്‍ അതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും മാളവിക പറയുന്നു.