അലഹബാദ്: കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാരന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു.
കൊവിഡ് പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരനോട് 25,000 രൂപ അടയ്ക്കാന്‍ ഉത്തരവിട്ടു.
കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹര്‍ജി നല്‍കിയത്. മിശ്രയുടെ അഭിഭാഷകന്‍ ശൈലേഷ് കുമാര്‍ ത്രിപാഠി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 10-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വാദിച്ചത്.