FeaturedHome-bannerNationalNews

ഹാഥ്‌റസ് ദുരന്തം:ആരാണ് ഭോലെ ബാബ? പൊലീസ് കോൺസ്റ്റബിളില്‍ നിന്ന് ആത്മീയ പ്രഭാഷകനിലേക്ക്,സന്ദർശകരിൽ നിരവധി ഉന്നതർ

ഹാഥ്‌റസ്: ‘നാരായണ ഹരി’ അഥവാ ‘ഭോലെ ബാബ’. ‘സാഗർ വിശ്വ ഹരി ബാബ’ എന്നും അനുയായികൾ വിളിക്കും. ഉത്തർപ്രദേശിൽ ലക്ഷക്കണക്കിന് അനുയായികൾ ഉള്ള ആത്മീയ പ്രഭാഷകൻ. താൻ ഒരു ഗുരുവിന്‍റെയും ശിഷ്യൻ അല്ലെന്നും പ്രപഞ്ച ശക്തിയിൽ നിന്ന് നേരിട്ട് പ്രചോദനം കിട്ടിയ ആൾ ആണെന്നുമാണ് അവകാശവാദം. ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ കാൽ തൊട്ട് വന്ദിക്കാൻ തിക്കിത്തിരക്കിയ ആൾക്കൂട്ടമാണ് ഹാദ്രസിലെ കൂട്ട ദുരന്തത്തിന് കാരണമായതെന്നാണ് ഉത്തർപ്രദേശ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പതിനായിരക്കണക്കിന് ആളുകളെ വിളിച്ചു കൂട്ടി ഫുൽറായ് ഗ്രാമത്തിൽ ബോലേ ബാബ നടത്തിയ ‘സത്സംഗം’ പരിപാടി അവസാനിച്ചത് 116 പേരുടെ മരണത്തിലെന്ന് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ മരണ സംഖ്യ 130 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍. 

ആരാണ് ഭോലെ ബാബ? 

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ  ബഹദൂർ നഗർ ഗ്രാമത്തിൽ നിന്നാണ് ‘നാരായണ ഹരി’ എന്ന  ‘ഭോലെ ബാബ’യുടെ വരവ്. യഥാർത്ഥ പേര്  സൂരജ് പാൽ (58). സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും ലക്ഷക്കണക്കിന് അനുയായികൾ. അയൽ സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനം. ഉന്നത  രാഷ്ട്രീയ നേതാക്കളും എംഎൽഎമാരും എംപിമാരും കക്ഷി രാഷ്ട്രീയഭേദമന്യേ ബാബയുടെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ്. മിക്ക പരിപാടികൾക്കും അതുകൊണ്ടുതന്നെ സുരക്ഷാ മനൻദണ്ഡങ്ങൾ ഒന്നും ആരും നോക്കാറില്ല. 

കൊവിഡ് ലോക്ക്ഡൗൺ സമയത്ത് പോലും അദ്ദേഹത്തിന്‍റെ അനുയായികൾക്ക് ആശ്രമത്തിൽ ആരാധന നടത്താൻ അനുവാദമുണ്ടായിരുന്നു എന്ന ആരോപണം ഇപ്പോൾ ഉയരുന്നുണ്ട്. 1990 -കൾ വരെ ഏതാണ്ട് പത്ത് വര്‍ഷത്തോളം ഉത്തർപ്രദേശ് പൊലീസിൽ കോൺസ്റ്റബിളായിരുന്നു സൂരജ് പാൽ. പൊലീസില്‍ നിന്നും രാജിവച്ച സൂരജ് പാല്‍ വളരെ വേഗം ആത്മീയ വഴിയിലേക്ക് തിരിഞ്ഞു. പുതിയ പേര് സ്വീകരിക്കുകയും ഭക്തി പ്രഭാഷണവും തുടങ്ങുകയും ചെയ്തു. സത്സംഗ് വേദികളില്‍ വെള്ളയും വെള്ളയുമാണ് ഭോലെ ബാബയുടെ സ്ഥിരം വേഷം. 

ഇന്ന് നാരായൺ സാകർ ഹരി ആശ്രമം 30 ഏക്കറിൽ പരന്നു കിടക്കുന്നു. ഒരു ദിവസം കുറഞ്ഞത് പന്ത്രണ്ടായിരം പേര്‍ ഇവിടെ സന്ദർശനം നടത്തുന്നു എന്നാണ് കണക്ക്. സുരക്ഷാ ഭടന്മാർ അടക്കം വലിയ അകമ്പടി വാഹനങ്ങളോടൊപ്പമാണ് ബാബയുടെ സഞ്ചാരം. യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമത്തിലെ ദലിത് കുടുംബത്തിൽപെട്ടയാളാണെന്ന് ഭോലെ ബാബയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, അദ്ദേഹത്തെപ്പറ്റി കൂടുതൽ വ്യക്തിഗത  വിവരങ്ങൾ ഒന്നും പ്രാദേശിക മാധ്യമങ്ങൾക്ക് പോലും ഇല്ല. പലപ്പോഴും ബാബയ്ക്ക് ഒപ്പം സത്സംഗം വേദികളിൽ എത്തുന്ന ഭാര്യയെ അനുയായികൾ മാതാജി എന്ന് വിളിക്കുന്നു. യുപിയിലെ ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യരായ സ്ത്രീകൾ ആണ് ബാബയുടെ അനുയായികളിൽ ഭൂരിപക്ഷവും.  ഇന്നലത്തെ ദുരന്തത്തില്‍ മരിച്ചവരില്‍ ഏറെ പേരും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന് തെളിവ്.

അതേസമയം അപകടത്തിന് പിന്നാലെ ഭോലെയെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം ഉണ്ടാകുന്നത്. ഈ സമയത്ത് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് പോയതാണ്. എന്നാൽ പിന്നീട് ഇയാൾ തന്റെ ആശ്രമത്തിലും എത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ എഫ്.ഐ.ആർ. രേഖപ്പെടുത്തിയെങ്കിലും പരിപാടിയുടെ മുഖ്യ ആളായ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

  ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം പരിപാടിയുടെ തലവൻ ദേവ്ദാസ് മധുകറിനെതിരേയും സംഘാടകർക്കെതിരേയും ചില വ്യക്തികൾക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ എത്ര പേർ ഇവിടെ ഒത്തുകൂടി എന്ന വിവരം സംഘാടകർ മറച്ചുവെക്കുന്നുവെന്നാണ് വിവരം. നേരത്തെ നടന്ന പരിപാടികളിൽ ഒരു ലക്ഷത്തോളം വരുന്ന അനുയായികൾ പങ്കെടുത്തുവെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഭോലെയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോലും അനുയായികൾ ഉണ്ടാിയരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പരിപാടി വീക്ഷിക്കാൻ ഉത്തർപ്രദേശിന് പുറത്ത് നിന്നും ആളുകൾ എത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker