ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു, നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ ; പാര്‍വതിയ്ക്ക് പിന്തുണയറിയിച്ച് ഹരീഷ് പേരടി
തിരുവനന്തപുരം : ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ മരിച്ചവരുമായി താരതമ്യം ചെയ്തതില്‍ പ്രതിഷേധിച്ച് താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു പുറത്തുപോകുകയും വിവാദ പരാമര്‍ശം നടത്തിയ അമ്മ ജനറല്‍ സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത പാര്‍വതിയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന് പിന്തുണയറിച്ച് ഹരീഷ് പേരടി രംഗത്തെത്തിയത്.
നേരത്തെ അമ്മ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്നും ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളതെന്നും പാര്‍വതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താന്‍ സംഘടനയില്‍ നിന്ന് രാജിവച്ചതായും താരം അറിയിച്ചു.
ഇതിനു പിന്തുണയുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു. തെറ്റുകള്‍ ആര്‍ക്കും പറ്റാം. ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി …