എനിക്ക് ജീവിക്കണമെന്ന് കരഞ്ഞുപറഞ്ഞ് പെൺകുട്ടി;മകളെ കുടുംബത്തിന്റെ കൺമുന്നിൽ വധിച്ച് ഹമാസ്, വിശ്വസിക്കാനാവാതെ അമ്മയുടെ കരച്ചിൽ
ഗാസ: ഹമാസ് ഇസ്രയേലിൽ നടത്തുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പുറത്തുവരുന്നു. ഒരു ഇസ്രയേലി കുടുംബത്തെ ബന്ദിയാക്കിയെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കുടുംബത്തിലെ ഒരു പെൺകുട്ടിയെ വധിച്ചതിന് ശേഷം ഹമാസ് ഭീകരരിൽ നിന്ന് മോചിതരാകാൻ കുടുംബം ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭാര്യയെയും ഭർത്താവിനെയും രണ്ട് കുട്ടികളെയുമാണ് ഹമാസ് ഭീകരർ ബന്ദികളാക്കിയത്.
കുടംബത്തെ നിലത്തിരുത്തിയ ഹമാസ് ഭീകരർ ആയുധങ്ങളുമായി ചുറ്റും നിൽപ്പുണ്ട്. പിതാവിന്റെ കയ്യിലെ ചോരയെ കുറിച്ച് മകൻ വീഡിയോയിൽ ചോദിക്കുന്നുണ്ട്. പിന്നാലെ മകൾ തങ്ങൾക്ക് ജീവനോടെ കഴിയണമെന്നും തന്റെ സഹോദരി കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. മകളുടെ മരണം അമ്മയ്ക്ക് ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അവൾ ജീവനോടെയുണ്ടെന്നാണ് അവർ വീഡിയോയിൽ പറയുന്നത്.
മതാപിതാക്കൾ മക്കളെ സമാധാനിപ്പിക്കുമ്പോഴും വെടിയൊച്ചയുടെ ശബ്ദം പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ട്. വീഡിയോയിൽ മുഖം മറച്ച മറ്റൊരാളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാളുടെ കഴുത്തിൽ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭീകരത എന്നാണ് പലരും കമന്റിൽ കുറിക്കുന്നത്.
അതേസമയം, ഒക്ടോബർ ആറിനാണ് പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് അപ്രതീക്ഷിതമായി ഇസ്രയേലിലേക്ക് കടന്നുകയറി പട്ടാളക്കാരെ അടക്കം ബന്ദികളാക്കി കനത്ത റോക്കറ്റ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു, നൂറോളം പേരെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രായേൽ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളിൽ പാലസ്തീനിൽ ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു. ആയിരത്തി ഒരുന്നൂറോളം പേർക്ക് പരിക്കേറ്റു. ഹമാസിന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ നൂറോളം പേർ മരിച്ചു. മലയാളികൾ അടക്കം ഇന്ത്യക്കാർ താമസിക്കുന്ന മേഖലയിലാണ് യുദ്ധം. പുറത്തിറങ്ങരുതെന്നും ബങ്കറുകളിൽ അഭയം തേടാനും എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. പതിവ് സംഘർഷമല്ലെന്നും യുദ്ധം തുടങ്ങിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്ളൈഡേഴ്സിനെ ഉപയോഗിച്ച് ആകാശമാർഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലുകയാണ്. ബന്ദികളാക്കിയവരെ ക്രൂരമായി മർദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.