FeaturedHome-bannerKeralaNews

അരിയും പയറും: 25 കിലോയ്ക്ക് മേൽ ജിഎസ്ടി ഒഴിവാക്കി; രാത്രി വൈകി വിശദീകരണക്കുറിപ്പ്

തിരുവനന്തപുരം: ചില്ലറയായി വിൽക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും 5% നികുതി ഇൗടാക്കുന്നത് ഒഴിവാക്കി കേന്ദ്ര ധനവകുപ്പിന്റെ വിശദീകരണക്കുറിപ്പ്. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്നും വിവിധ സംസ്ഥാനങ്ങൾ വ്യക്തത തേടിയതിനു പിന്നാലെയുമാണ് ഇന്നലെ രാത്രി വൈകി ധനവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇതോടെ ചില്ലറയായോ മൊത്തമായോ ഏത് അളവിലും വിൽക്കുന്ന അരിക്കും മറ്റും ഇന്നു മുതൽ ഇൗടാക്കുമായിരുന്ന 5% ജിഎസ്ടിയും അതു കാരണമുള്ള വിലവർധനയും ഒഴിവായി.

പകരം 25 കിലോഗ്രാമോ അതിൽ താഴെയോ അളവിൽ പായ്ക്ക് ചെയ്ത് ലേബൽ പതിച്ചു വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാകും ഇന്നു മുതൽ നികുതി ബാധകമാകുക. ഇന്നലെ വരെ ബ്രാൻഡ് ചെയ്തു വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത്. കഴിഞ്ഞ 28നും 29നും ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോഗ്രാമിൽ താഴെ തൂക്കമുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ, പിന്നീട് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോഗ്രാമെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞു.

ഇതോടെ മില്ലുകളിൽ നിന്നു 50 കിലോ ചാക്കുകളിൽ പായ്ക്ക് ചെയ്ത് ലേബൽ പതിച്ച് മൊത്തക്കച്ചവടക്കാർക്ക് എത്തിക്കുന്ന അരിക്കും നികുതി ചുമത്തേണ്ട അവസ്ഥ വന്നു. ഇൗ അരി കടകളിൽ ചില്ലറയായി വിൽക്കുമ്പോഴും വിലയേറും. ഇതിനെതിരെ മില്ലുടമകളും മൊത്ത കച്ചവടക്കാരും രംഗത്തെത്തി. സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിനോടു വ്യക്തത തേടിയെങ്കിലും പ്രതികരണമുണ്ടായില്ല.

രാത്രി 10ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഇവയുടെ പൊടികൾ എന്നിവ 25 കിലോയ്ക്കു മുകളിലുള്ള പായ്ക്കറ്റിൽ ലേബൽ ചെയ്തു വിൽക്കുമ്പോൾ ജിഎസ്ടി ബാധകമല്ലെന്നു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker