വാട്സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്‌സണ്‍ വീഡിയോ കോള്‍ ഉള്‍പ്പടെയുള്ള പുതിയ അപ്‌ഡേറ്റുകള്‍ ഗ്രൂപ്പുകളില്‍ അവതരിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ 32-പേഴസണ്‍ വീഡിയോകോള്‍ വാട്‌സാപ്പ് പ്രഖ്യാപിച്ചിരുന്നതാണ്.
ഗ്രൂപ്പുകളില്‍ സബ് ഗ്രൂപ്പുകളും, വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി വ്യത്യസ്ത ത്രെഡ്ഡുകളും, അനൗണ്‍സ്‌മെന്റ് ചാനലുകളുമെല്ലാം അടങ്ങുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദവും അര്‍ത്ഥവത്തും ആക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ്പ് ഈ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരുകൂട്ടം ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറി എന്ന് കമ്മ്യൂണിറ്റീസിനെ വിളിക്കാം.ആര്‍ക്കും അവരുടെ ആപ്പില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമെ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ അംഗമാവുകയുള്ളൂ.ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം.
https://www.facebook.com/4/videos/3314984088748364/ഉദാഹരണത്തിന് ടീച്ചര്‍മാരുടേയും രക്ഷിതാക്കളുടെയും വ്യത്യസ്ത ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്‌കൂളുകള്‍ക്കും ഓഫീസിലെ വിവിധ വിഭാഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ആ ഗ്രൂപ്പുകളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കും.ആന്‍ഡ്രോയിഡ് ആപ്പില്‍ ചാറ്റുകളുടെ മുകളിലായും ഐഒഎസ് ആപ്പില്‍ താഴെയായുമാണ് കമ്മ്യൂണിറ്റികള്‍ കാണുക. ഉപഭോക്താക്കള്‍ക്ക് ഓരോ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാനും, അഡ്മിന്‍മാര്‍ക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.
ഈ സംവിധാനത്തിലും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഒരു ഗ്രൂപ്പിലേക്ക് അയച്ച സന്ദേശം ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കമ്മ്യൂണിറ്റീസ് ടാബില്‍ ഗ്രൂപ്പുകളിലെ എല്ലാവര്‍ക്കും സന്ദേശം അയക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവും ലഭിക്കും. ഇത്തരം സന്ദേശങ്ങള്‍ക്ക് അനുവാദം നല്‍കിയവര്‍ മാത്രമേ അവ കാണുകയുള്ളൂ.
ഇതിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ആഗ്രഹമില്ലാത്ത കമ്മ്യൂണിറ്റികളില്‍ നിന്ന് പുറത്ത് പോവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല.