തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് (Prithviraj Sukumar) ചിത്രം കടുവ (Kaduva) തന്‍റെ മുത്തച്ഛന്‍റെ ജീവിതം പകര്‍ത്തിവച്ചതെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍റെ ചെറുമകന്‍ ജോസ് നെല്ലുവേലില്‍ (Jose Nelluvelil). ഈ സിനിമ തന്‍റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു എന്‍റെ മുത്തച്ഛന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ ചിത്രത്തിലെ നായക കഥാപാത്രം പൂര്‍ണ്ണമായും സാങ്കല്‍പ്പിക സൃഷ്‍ടിയാണെന്നായിരുന്നു അവരുടെ അവകാശവാദമെന്നും ജോസ് പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജോസിന്‍റെ വിമര്‍ശനം.
ജോസ് നെല്ലുവേലിലിന്‍റെ കുറിപ്പ്
പാലാ ഇടമറ്റത്ത് ഒരു പ്ലാന്‍റര്‍ ആയിരുന്ന എന്‍റെ മുത്തച്ഛന്‍ ജോസ് കുരുവിനാക്കുന്നേലിന്‍റെ (കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍) പഴയ വീരകഥ, കുറുവച്ചനായി (പിന്നീട് കുര്യച്ചന്‍ എന്ന് മാറ്റി) പൃഥ്വിരാജ് അഭിനയിച്ച് ഇപ്പോള്‍ ബിഗ് സ്ക്രീനിലുണ്ട്. അണിയറക്കാര്‍ അവകാശപ്പെടുന്നതുപോലെ ചിത്രത്തിന്‍റെ തിരക്കഥ ജിനു എബ്രഹാമിന്‍റെ സര്‍ഗാത്മകതയില്‍ നിന്ന് വന്നതല്ല. പാലായിലെ മുന്‍ തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണ് ഇത്. മുത്തച്ഛന്‍റെ ജീവിതമാണ് തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്നതെന്ന് തെളിയിക്കാനുള്ള നിയമപരമായ ശ്രമങ്ങളെല്ലാം വൃഥാവിലായി. പ്രായാധിക്യത്തിന്‍റേതായ അവശത കാരണം അദ്ദേഹത്തിന് പോരാട്ടം തുടരാനുമാവില്ല.
ഇന്നലെ ഞാന്‍ സിനിമ കണ്ടു. എങ്ങനെയാണ് ഒരു മനുഷ്യനും അദ്ദേഹത്തിന്‍റെ കുടുംബവും വര്‍ഷങ്ങളുടെ പൊലീസ് അടിച്ചമര്‍ത്തലിനും, അന്നത്തെ പൊലീസ് ഐജി അന്തരിച്ച ജോസഫ് തോമസ് വട്ടവയലിലിന്‍റെ (സിനിമയില്‍ ജോസഫ് ചാണ്ടി) ദുരാരോപണങ്ങള്‍ക്കും ഇരകളായതെന്നുമുള്ള സങ്കടകരവും രോഷം ജനിപ്പിക്കുന്നതുമായ, എന്‍റെ മുത്തച്ഛന്‍റെ ജീവിതകഥ എത്ര നിര്‍ലജ്ജമായാണ് സംവിധായകനും തിരക്കഥാകൃത്തും ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോരുത്തരും എടുത്ത് സിനിമയാക്കിയിരിക്കുന്നതെന്ന് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഈ പൊലീസ് അടിച്ചമര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ എന്‍റെ അമ്മ സെവന്‍ത് ഗ്രേഡില്‍ പഠിക്കുന്ന വിദ്യാര്‍ഥി മാത്രമാണ്. അമ്മയുടെ ഇളയ സഹോദരന്‍ കിന്‍റര്‍ഗാര്‍ട്ടനിലും.
തന്‍റെ മകളുടെ ചരമ വാര്‍ഷികത്തിന് ഐജി പള്ളിക്ക് ഒരു കീബോര്‍ഡ് സമ്മാനിച്ചതിന്‍റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ട് ആരംഭിച്ച വഴക്ക് വ്യക്തിപരമായ പല തര്‍ക്കങ്ങളിലേക്കും നീണ്ടു. അദ്ദേഹത്തിന്‍റെ ബാര്‍ അവര്‍ പല തവണ അടിച്ചുതകര്‍ത്തു, തോട്ടം നശിപ്പിച്ചു, അദ്ദേഹത്തിന്‍റെ വീടിന് പിന്‍വശത്തുള്ള സ്ഥലം വാങ്ങി ഒരു ശ്‍മശാനമാക്കി മാറ്റി, പകല്‍വെളിച്ചത്തില്‍ അദ്ദേഹത്തെ അക്രമിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്തു, നോട്ടീസ് കൂടാതെ അദ്ദേഹത്തിന്‍റെ തോക്ക് ലൈസന്‍സ് റദ്ദാക്കി, എന്‍റെ മുത്തച്ഛനെ ജയിലില്‍ പോലും അടച്ചു. പല തലങ്ങളില്‍ ഈ കഥയെ സിനിമയില്‍ മാറ്റിമറിച്ചിട്ടുണ്ട്. നാടകീയതയും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങള്‍ സിനിമയുടേതായ മസാല കലര്‍ത്തി അവതരിപ്പിച്ചിട്ടുള്ളതും ഒഴിച്ചാല്‍ സിനിമയിലെ 50 ശതമാനത്തിലേറെ അദ്ദേഹത്തിന്‍റെ ജീവിതം തന്നെയാണ്.
യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാന്‍ തല്‍പരരായവര്‍ക്ക് 12 എപ്പിസോഡ് ഉള്ള ഒരു യുട്യൂബ് വീഡിയോ സിരീസ് ഉണ്ട്. ആപല്‍ സമയത്ത് എന്‍റെ മുത്തച്ഛന് താങ്ങായ സുഹൃത്ത് റിട്ടയേര്‍ഡ് എസ് പി ശ്രീ. ജോര്‍ജ് ജോസഫിന്റേതാണ് അത്. എന്താണ് സംഭവിച്ചതെന്നും എങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു ജോസഫ് തോമസ് വട്ടവയലിലെന്നും എന്‍റെ മുത്തച്ഛനെ പിന്തുണച്ചതുകൊണ്ട് സേനയില്‍ അദ്ദേഹത്തിന് സംഭവിച്ച തിരിച്ചടികള്‍ എന്തെന്നുമൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഈ സിനിമ തന്‍റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു എന്‍റെ മുത്തച്ഛന്‍ ആവശ്യപ്പെട്ടത്. പകരം അദ്ദേഹത്തിന് ലഭിച്ചത് ഇതൊരു കല്‍പ്പിത കഥാപാത്രം മാത്രമാണെന്ന, ഷാജി കൈലാസിന്‍റെയും ചിത്രത്തിലെ വലിയ താരങ്ങളുടെയും പ്രസ്‍താവനകളാണ്.
എനിക്ക് രോഷമുണ്ട്. സാധാരണക്കാരായ മനുഷ്യരെ ചൂഷണം ചെയ്യുന്ന മലയാള സിനിമാ വ്യവസായത്തിന് തങ്ങളുടെ തെറ്റായ ചെയ്‍തികള്‍ക്ക് പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കുന്നു എന്നതിലും എന്‍റെ മുത്തച്ഛന്‍ ജോസ് കുരുവിനാക്കുന്നേല്‍ അവരുടെ ആദ്യത്തെ ഇരയല്ല എന്നതിലും എനിക്ക് വലിയ ദു:ഖമുണ്ട്. പൃഥ്വിരാജിനോടും അദ്ദേഹത്തിന്‍റെ ടീമിനോടും, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു,
PS: സിനിമയിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥമാണ്. കുര്യച്ചന്‍ (ജോസ് കുരുവിനാക്കുന്നേല്‍), ജോസഫ് ചാണ്ടി (ജോസഫ് തോമസ് വട്ടവയലില്‍), വര്‍ക്കി സാര്‍- അധ്യാപകന്‍ (മാത്യൂസ് സാര്‍), കോര- വക്കീല്‍ (തോമസ്), ബേസില്‍ (സാബു ജോര്‍ജ്). മയൂര എന്നായിരുന്നു ബാറിന്‍റെ പേര്. അതാണ് സിനിമയില്‍ മരിയ എന്നാക്കിയിരിക്കുന്നത്. മുത്തച്ഛന് ഒരു കറുത്ത അംബാസഡര്‍ ഉണ്ടായിരുന്നു. അതാണ് സിനിമയില്‍ മെര്‍സിഡെസ് ബെന്‍സ് ഡബ്ല്യു 123 ആയി കാണിച്ചിരിക്കുന്നത്.