HealthNews

കൊവിഡ് 19: വയോജനങ്ങള്‍ക്ക് കരുതല്‍: ഗ്രാന്റ് കെയര്‍ പദ്ധതി ശക്തിപ്പെടുത്തുന്നു

തിരുവനന്തപുരം: കോവിഡ്-19 രോഗ വ്യാപന സാധ്യത മുന്നില്‍ക്കണ്ട് വയോജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാന്‍ ആവിഷ്‌ക്കരിച്ച ഗ്രാന്റ് കെയര്‍ പദ്ധതി ശക്തിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ഗ്രാന്റ് കെയര്‍ പദ്ധതി നടപ്പാക്കുന്നത്.

കോവിഡ്-19 ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് വയോജനങ്ങളെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് മരണനിരക്ക് പരിശോധിക്കുകയാണെങ്കില്‍ അതില്‍ ബഹുഭൂരിപക്ഷവും വയോജനങ്ങളില്‍പ്പെട്ടവര്‍ക്കാണ് സംഭവിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ട് കോവിഡിന്റെ ആരംഭ സമയത്ത് തന്നെ വയോജനങ്ങളുടെ കരുതലിനായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. വയോജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് അങ്കണവാടികള്‍ വഴി സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഇതിന്റെയടിസ്ഥാനത്തില്‍ താഴെത്തട്ടില്‍ വയോജനങ്ങള്‍ക്ക് അവബോധവും സേവനവും ഉറപ്പാക്കിയാല്‍ മാത്രമേ കോവിഡില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് കണ്ടെത്തിയിരുന്നു. അവരുമായി താഴെത്തട്ടില്‍ ബന്ധപ്പെട്ട് റിവേഴ്‌സ് ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ മാത്രമേ മരണനിരക്ക് കുറയ്ക്കാന്‍ കഴിയൂ. ഇതിന്റെയടിസ്ഥാനത്തിലാണ് ഗ്രാന്റ് കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേരിട്ടുള്ള സഹകരണം ഉറപ്പാക്കിയാണ് ഗ്രാന്റ് കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2.8 ലക്ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ 43 ലക്ഷം അംഗങ്ങള്‍, 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വയോജന സംരക്ഷണത്തിനായി പ്രമുഖരുടെ അവബോധ വീഡിയോകള്‍ തയ്യാറാക്കി നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ഓരോ കുടുംബശ്രീ അംഗങ്ങളും അവരുടെ കൂട്ടായ്മയിലുള്ളതും പുറത്തുനിന്നുള്ളതുമായ വയോജനങ്ങളെ നേരിട്ട് ബോധവത്ക്കരിക്കും. കൂടാതെ വയോജനങ്ങളുടെ വീട്ടിനകത്ത് അവബോധ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്യും.

വയോജനങ്ങളുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്നതിനും ഗ്രാന്റ് കെയര്‍ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. കോവിഡ് രോഗ ലക്ഷണമുള്ളവരായ വയോജനങ്ങളെ വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാനായാല്‍ ജീവന്‍ രക്ഷിക്കാനാകും. ജീവിതശൈലീ രോഗമുള്ളവരേയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്തടിസ്ഥാനത്തില്‍ കുടുംബശ്രീക്കാരേയും അങ്കണവാടി പ്രവര്‍ത്തകരേയും സന്നദ്ധ പ്രവര്‍ത്തകരേയും ഏകോപിപ്പിച്ച് പരിശീലനം നല്‍കുന്നു. ഇതടിസ്ഥാനമാക്കിയുള്ള 7 ചോദ്യങ്ങളുള്ള ചോദ്യാവലി അവര്‍ വയോജനങ്ങളോട് ചോദിക്കും.

ഈ ചോദ്യാവലിയനുസരിച്ചുള്ള ആരോഗ്യ മാനസിക ചികിത്സ ഉറപ്പുവരുത്തും. വയോജനങ്ങള്‍ക്ക് പുറമെ പ്രവാസികള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍ എന്നിവര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പദ്ധതിയിലൂടെ നല്‍കും. ഇതുകൂടാതെ കോള്‍ സെന്ററുകളും സ്ഥാപിക്കും. 50 പേരടങ്ങുന്ന ജില്ലാ കോള്‍ സെന്ററുകള്‍ വഴി പ്രത്യേക പരിശീലനം ലഭിച്ച വളന്റിയര്‍മാര്‍ മുഖേന വയോജനങ്ങള്‍ക്ക് ആവശ്യമായ ശാരീരിക മാനസിക പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യും. ബ്ലോക്ക്, ജില്ലാ, സംസ്ഥാനതല സമിതികള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

എയര്‍പോര്‍ട്ട് വഴി വരുന്ന പ്രവാസികള്‍ക്കായി സാമൂഹ്യ സുരക്ഷ മിഷന്‍, കുടുംബശ്രീ എന്നിവ വഴി മാസ്‌ക്, സാനിറ്റൈസര്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവയടങ്ങിയ കിറ്റുകള്‍ നല്‍കി വരുന്നു. 124 വിമാനങ്ങള്‍ വഴി വന്ന 17,100 പേര്‍ക്കാണ് ഈ മാര്‍ഗത്തിലൂടെ അവബോധം നല്‍കിയത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ ഹരികിഷോര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറിയും ഗ്രാന്റ് കെയര്‍ നോഡല്‍ ഓഫീസറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, കെ.എം.എസ്.സി.എല്‍. എം.ഡി. അജയകുമാര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker