KeralaNews

ഗവർണർക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്‌; സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ നിയമത്തിന്റെ മാര്‍ഗങ്ങള്‍ തേടാന്‍ സര്‍ക്കാര്‍. ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എട്ടോളം ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെച്ച ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ അനിശ്ചിതമായി പിടിച്ചുവെക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘എട്ടു ബില്ലുകള്‍ ഗവര്‍ണറുടെ ഒപ്പ് കാത്തുകിടക്കുന്നുണ്ട്. അതില്‍ മൂന്നു ബില്ലുകള്‍ ഒരുവര്‍ഷവും പത്തുമാസവുമായി. ഒരുവര്‍ഷത്തില്‍ കൂടുതലുള്ള മറ്റ് മൂന്ന് ബില്ലുകളുമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാക്കാതിരിക്കാനുള്ള കാലതാമസം ഉണ്ടാക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത കാര്യമാണ്’- മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ തെലങ്കാന, തമിഴ്നാട് എന്നിവ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തെലങ്കാന സര്‍ക്കാര്‍ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ മറ്റൊന്നും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. സര്‍ക്കാരിന് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിലൂടെ അത് മാറും. ശമ്പളം നല്‍കാന്‍ പണമില്ലാത്ത കേരളം പോലൊരു സംസ്ഥാനം നിയമോപദേശത്തിനായി 40 ലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button