KeralaNews

ഗവര്‍ണര്‍ ആണ് ശരി, കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ നിയമനം നിയമവിരുദ്ധമാണ്; ഹരീഷ് വാസുദേവന്‍

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ 60 വയസ്സ് കഴിഞ്ഞ ആളെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ആണ് ശരി എന്നും ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ VC യെ നിയമിക്കുമ്പോള്‍ പ്രായപരിധി യൂണിവേഴ്സിറ്റി ആക്ടിലെ ഒമ്പതാം വകുപ്പില്‍ വ്യക്തമാണ്. 60 വയസ്സിനു മേല്‍ പ്രായമുള്ള ആരെയും VC ആയി നിയമിക്കരുത് എന്ന നിയന്ത്രണം നിയമത്തില്‍ വ്യക്തമാണ്. ഒരിക്കല്‍ VC ആയ ആളിനു ഒരിക്കല്‍ക്കൂടി പുനര്‍നിയമനത്തിനു അര്‍ഹത ഉണ്ടെന്ന് 10 ആം വകുപ്പ് പറയുമ്പോഴും 9 ആം വകുപ്പിലെ പ്രായപരിധിക്ക് ഇളവില്ല. ”പുനര്‍നിയമന”ത്തിന് ”നിയമന”ത്തിലെ മാനദണ്ഡങ്ങള്‍ ബാധകം അക്കേണ്ടതില്ല എന്നും ആക്ടില്‍ എവിടെയും പറയുന്നില്ല, പുനര്‍നിയമനത്തിനു പ്രത്യേക വ്യവസ്ഥകളും ഇല്ല.

പ്രത്യേകമായി ആക്റ്റ് കൊടുക്കാത്ത ഒരാധികാരവും മന്ത്രിസഭയ്‌ക്കോ സര്‍ക്കാരിനോ കിട്ടുന്നുമില്ല. Section.10 ഒരു Notwithstanding ക്‌ളോസും അല്ല. അതായത്, നിയമത്തില്‍ ഒട്ടും അവ്യക്തത ഇല്ല. പുനര്‍നിയമനവും നിയമനവും യൂണിവേഴ്സിറ്റി ആക്ടില്‍ രണ്ടല്ല.

60 വയസ്സ് കഴിഞ്ഞ ആളെ VC ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണ്. നിയമനത്തില്‍ ഗവര്‍ണര്‍ക്ക് പ്രത്യേകാധികാരങ്ങള്‍ ഇല്ല. ക്യാബിനറ്റ് പറയുന്നത് അനുസരിക്കുക. അത് ചെയ്യേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ബാധ്യത ആണ്.

അത് ചെയ്ത ശേഷം സ്വന്തം അഭിപ്രായം പറയരുത്, നിയമവിരുദ്ധത കണ്ടാല്‍ ചൂണ്ടിക്കാണിക്കരുത് എന്നു ഭരണഘടനയോ നിയമമോ ഗവര്‍ണ്ണറേ വിലക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായപ്രകടനത്തിന് സര്‍വീസ് റൂളില്‍ വിലക്കുണ്ട്, മന്ത്രിമാര്‍ക്ക് പോലും കൂട്ടുത്തരവാദിത്തം ഉണ്ട്. ഗവര്‍ണ്ണര്‍ക്ക് ഇല്ല.

ചാന്‍സിലര്‍ പോസ്റ്റ് മുഖ്യമന്ത്രി എടുത്തോളൂ എന്നു പറയുന്നതിന്റെ പിന്നില്‍ രാഷ്ട്രീയമാണെങ്കിലും, ഇക്കാര്യത്തില്‍ വസ്തുതാപരമാണ്. ഈ ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുന്നുണ്ട് എന്നു പരസ്യമായി ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി നിയമനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ആണ് ശരി.

സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ട്. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള അധികാരമുണ്ട്.
യൂണിവേഴ്സിറ്റി ആക്ടിലെ 9 ആം നിയമത്തില്‍ ഒരു പ്രൊവൈസോ കൊണ്ടുവന്ന ശേഷം 60 വയസ് കഴിഞ്ഞായാളെ VC ആക്കാന്‍ ശുപാര്‍ശ ചെയ്താല്‍ ലോകത്ത് ആര്‍ക്കും അത് നിയമവിരുദ്ധം എന്നു പറയാനാകില്ല. അത് ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാരിന് മുന്നില്‍ എന്താണ് തടസം എന്നു മനസിലാകുന്നുമില്ല?

എഴുതിവെച്ച നിയമം എല്ലാവര്‍ക്കുമെന്ന പോലെ സര്‍ക്കാരിനും ബാധകമാണ്. അത് നടപ്പാക്കേണ്ടത് റൂള്‍ ഓഫ് ലോ ഉറപ്പ് വരുത്തേണ്ടത് ഭരണഘടന നിലനില്‍ക്കേണ്ടത് പോലുള്ള അത്യാവശ്യമാണ്. അവസരസമത്വം നടപ്പാക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്.

നുണ മാത്രം പറയുന്ന ഏതെങ്കിലുമൊരു സംഘിയെക്കൊണ്ടു വസ്തുതാപരമായ ഒരു വിമര്‍ശനം ഉന്നയിപ്പിക്കുക എന്നത് ഇക്കാലത്ത് ഒഴിവാക്കേണ്ട കാര്യമാണ്. അതയാളുടെ മറ്റു വിമര്ശനങ്ങളെയും ജനമധ്യത്തില്‍ സാധൂകരിക്കാന്‍ ഇടയാക്കും. ആ രാഷ്ട്രീയ ജാഗ്രത കാണിക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണ്.

തിരുത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker