ബിജെപി പരാതി നൽകി; ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്, വേഷങ്ങളണിഞ്ഞ് പ്രതിഷേധം
ഫോർട്ട്‌കൊച്ചി: ‘ഗവർണറും തൊപ്പിയും’ എന്ന പേരിൽ ഫോർട്ട്‌കൊച്ചിയിൽ അവതരിപ്പിക്കാനിരുന്ന നാടകത്തിന് വിലക്ക്. കൊച്ചിയിലെ കാർണിവൽ ആഘോഷത്തിന്റെ ഭാഗമായി നാടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് ഗവർണറും തൊപ്പിയും എന്ന നാടകം അവതരിപ്പിക്കാനൊരുങ്ങിയത്. ഗവർണറെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് നാടകത്തിനെതിരേ ബി.ജെ.പി. ഭാരവാഹികളാണ് പരാതിയുമായെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ ഇടപെടൽ.
നാടകത്തിന്റെ പേര് മാറ്റണമെന്നും ഗവർണർ എന്ന പദം നാടകത്തിൽ ഒരു സ്ഥലത്തും ഉപയോഗിക്കരുതെന്നും സബ് കളക്ടർ കെ. മീര, നാടക സമിതിക്ക് നൽകിയ കത്തിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റിനെയോ മറ്റ് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെയോ പരാമർശിക്കുന്ന തരത്തിലുള്ള അനുകരണമോ, വേഷവിധാനങ്ങളോ, സംസാര രീതിയോ നാടകത്തിൽ ഉണ്ടാകാൻ പാടില്ലെന്നും സബ് കളക്ടറുടെ കത്തിൽ നിർദേശിക്കുന്നുണ്ട്. മതപരമോ, രാഷ്ട്രീയമോ ആയ യാതൊന്നും നാടകത്തിൽ ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. ബി.ജെ.പി. മട്ടാഞ്ചേരി മണ്ഡലം സെക്രട്ടറി ശിവകുമാർ കമ്മത്താണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
അതേസമയം നാടകത്തിന് കേരളത്തിലെ ഗവർണറുമായി യാതൊരു ബന്ധവുമില്ലെന്നും ജർമൻ എഴുത്തുകാരനായ ഫെഡറിക് ഷില്ലറുടെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ നാടകമാണിതെന്നും രചയിതാവ് സുരേഷ് കൂവപ്പാടം പറഞ്ഞു. 20 വർഷം മുൻപാണ് നാടകം എഴുതിയത്. പലവട്ടം അരങ്ങേറിയിട്ടുള്ള നാടകം മാസങ്ങൾക്കു മുൻപും കൊച്ചിയിൽ അവതരിപ്പിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു. സർക്കാരിന്റെ അനുമതിയോടെ നാടകം വീണ്ടും അവതരിപ്പിക്കുമെന്നും നാടക സംഘാടകനായ പി.എ. ബോസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. നാടകത്തിന് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നാടകത്തിലെ കഥാപാത്രങ്ങൾ അവരുടെ വേഷങ്ങൾ അണിഞ്ഞ് ഫോർട്ട്‌കൊച്ചി പള്ളത്തുരാമൻ മൈതാനത്ത് പ്രതിഷേധം രേഖപ്പെടുത്തി