വാളയാര്‍ കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പോ ശേഷമോ പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയില്ല. മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യമൊഴി ഉപയോഗിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
ആത്മഹത്യ ചെയ്ത ആദ്യ പെണ്‍കുട്ടിയുടെ രഹസ്യ ഭാഗത്ത് പീഡനത്തിന് ഇരയായെന്ന് സൂചിപ്പിക്കാവുന്ന തരത്തിലുള്ള മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയില്ല. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലും ചില അസ്വാഭാവികതയുണ്ട്. പെണ്‍കുട്ടി തൂങ്ങി മരിച്ച സ്ഥലവും വീടിന്റെ ഉത്തരവും തമ്മിലുള്ള അകലവും സംബന്ധിച്ചും ദുരൂഹതയുണ്ടായിട്ടും ആവശ്യമായ അന്വേഷണം നടത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.