പ്രേതബാധയുണ്ടെന്ന സംശയത്തില്‍ സ്‌കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികള്‍; സ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
ഹൂഗ്ലി: പ്രേതബാധയെന്ന സംശയത്തില്‍ സ്‌കൂളില്‍ പോകാതെ ചന്ദ്രയാന്‍ 2 ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായ ചന്ദ്രകാന്ത കുമാറിന്റെ നാടായ ഹൂഗ്ലിയിലെ കുട്ടികള്‍. ഹൂഗ്ലിയിലെ ശ്രീ അരബിന്ദോ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പ്രേതബാധയുണ്ടെന്ന സംശയത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ പോവാതിരിക്കുന്നത്.
സ്‌കൂളില്‍ നിന്ന് ഭയപ്പെടുത്തുന്ന വിധത്തില്‍ സ്ത്രീ ശബ്ദം കേള്‍ക്കുന്നുവെന്നാണ് പരാതി. സ്‌കൂളിന് സമീപത്തുള്ള വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത സ്ത്രീയുടേയും അപകടത്തില്‍ മരിച്ച സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടേയും ശബ്ദമാണ് തങ്ങള്‍ കേള്‍ക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഇവിടെ നിന്ന് ഇത്തരത്തില്‍ ശബ്ദം കേള്‍ക്കുന്നത് പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രേതബാധ ഉണ്ടെന്ന സംശയം കാരണം കഴിഞ്ഞ ദിവസം സ്‌കൂളില്‍ ആകെ പതിനഞ്ച് വിദ്യാര്‍ത്ഥികളാണ് എത്തിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനം താറുമാറായി കിടക്കുകയാണെന്നാണ് അധ്യാപകര്‍ പറയുന്നത്.