CricketNewsSports

 T20 World Cup:ടീം ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത, ബുമ്രയും ഓസ്ട്രേലിയയിലേക്കെന്ന് റിപ്പോര്‍ട്ട്

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയായിട്ടില്ലെന്നും ലോകകപ്പിനായി അടുത്തമാസം ആറിന് ഓസ്ട്രേലിയയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം ബുമ്രയും ഉണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ലോകകപ്പ് തുടങ്ങുന്ന ഒക്ടൊബര്‍ 16ന് മുമ്പ് മാത്രമെ ബുമ്രയെ ഒഴിവാക്കുന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കൂ. ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ മെഡിക്കല്‍ സംഘം ഇതുവരെ തീര്‍ത്തു പറഞ്ഞിട്ടില്ല. ഒക്ടോബര്‍ 15ന് മുമ്പ് ബുമ്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് ടീം മാനേജ്മെന്‍റിന്‍റെയും നിലപാട്. അതുകൊണ്ടാണ് ലോകകപ്പ് ടീമില്‍ ബുമ്രയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കാത്തത്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം പുറം വേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന് ബുമ്രയെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. എന്നാല്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നു നാലു മുതല്‍ ആറാഴ്ചത്തെ വിശ്രമം കൊണ്ട് പൂര്‍ണമായും ഭേദമാക്കാനാവുമെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആദ്യ മത്സരങ്ങളില്‍ കളിച്ചില്ലെങ്കിലും ബുമ്രയെ ടൂര്‍മെന്‍റിലെ അവസാനഘട്ടങ്ങളില്‍ കളിപ്പിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്‍റ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ബുമ്രക്ക് ഇപ്പോള്‍ വിശ്രമമാണ് വേണ്ടതെന്നും ബെംഗലൂരുവിരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘത്തിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ബുമ്രയെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു. ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഒക്ടോബര്‍ 15വരെ സമയമുണ്ടെന്നും അതുവരെ കാത്തിരുന്നശേഷമെ ബുമ്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമായ മുഹമ്മദ് ഷമിയെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സെലക്ടര്‍മാര്‍ ഇതുവരെ അത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐയും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തമാസം 16ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker