തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മുന്‍ ഐ.ടി ഫെല്ലോ ഉദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രനിലേക്കും. അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും എന്‍.ഐ.എയും തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസല്‍ ഫരീദിനായി സിനിമയില്‍ പണം നല്‍കിയിരുന്നത് അരുണ്‍ ആണെന്നാണ് കണ്ടെത്തല്‍.
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ഫ്ളാറ്റ് ഏര്‍പ്പാടാക്കി നല്‍കിയത് അരുണ്‍ ആയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി അരുണ്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അരുണിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി, എരഞ്ഞിക്കല്‍ സ്വദേശി സമജു എന്നിവരാണ് പിടിയിലായത്. അന്‍വര്‍, സെയ്തലവി എന്നിവര്‍ സ്വര്‍ണക്കടത്തിന് പണം മുടക്കിയവരാണ്.