തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നാണ് സൂചന. കേസ് കസ്റ്റംസും സിബിഐയും എന്‍ഐഎയും അന്വേഷിക്കും.
ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സിബിഐഎയും രാജ്യസുരക്ഷാ വിവരങ്ങള്‍ എന്‍ഐഎയും അന്വേഷിക്കും. എന്‍ ശിവശങ്കരന്‍ സ്വപ്നയുടെ വലയിലെ ഒരാള്‍ മാത്രമാണെന്ന നിഗമനത്തിലാണ് സിബിഐ. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയ്സ് പാര്‍ക്കില്‍ സ്വപ്ന എങ്ങനെ കയറിപറ്റിയെന്ന അന്വേഷണവുമുണ്ടാകും.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള വര്‍ക്ക്ഷോപ്പ് ഉടമയുടെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസ് കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തിനും സ്വപ്നാ സുരേഷിനും പുറമേ മൂന്ന് പേരെ പ്രതികളാക്കും. സ്വര്‍ണമെത്തിച്ച കൊച്ചി സ്വദേശി ഫയാസ് ഫരീദാണ് മുഖ്യപ്രതി. കൊടുവള്ളി സ്വദേശികളായ രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചന.
കേസില്‍ ത്രിതല അന്വേഷണമാണ് നടക്കുക. കസ്റ്റംസ്, സിബിഐ, എന്‍ഐഎ എന്നീ ഏജന്‍സികളാണ് കേസ് അന്വേഷിക്കുക. സ്വര്‍ണക്കടത്ത് കസ്റ്റംസ് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐക്കാണ്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ എന്‍ഐഎയും അന്വേഷിക്കും. പ്രാഥമിക അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കസ്റ്റംസിനോട് സിബിഐയും എന്‍ഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയ്ക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.