കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം നേരിയ ആശ്വാസം നല്‍കി കുറഞ്ഞ വിലയാണ് ഇന്ന് കൂയിത്. വിവിധ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത. മാത്രമല്ല, അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളും നിലനില്‍ക്കുന്നു.
ഈ മാസം സ്വര്‍ണത്തിന് അഭൂതപൂര്‍വമായ മാറ്റങ്ങളാണ് സംഭവിച്ചത്. 3000 രൂപയിലധികം രൂപയുടെ വര്‍ധനവ് മൂന്നാഴ്ചയ്ക്കിടെയുണ്ടായി. ഇത്രയും കുറഞ്ഞ ദിവസങ്ങളില്‍ വലിയ വില മാറ്റം സംഭവിക്കുന്നത് അസാധാരണമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 41920 രൂപയും കൂടിയ നിരക്ക് 45280 രൂപയുമാണ്.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45240 രൂപയാണ്. തിങ്കളാഴ്ചയില്‍ നിന്ന് 160 രൂപ പവനും 20 രൂപ ഗ്രാമിനും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 5655 രൂപയാണ്. 40 രൂപ കൂടി പവന് വര്‍ധിച്ചാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. വരും ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡോളര്‍ മൂല്യം തുടര്‍ച്ചയായി കുറയുന്നതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 105.49ലാണുള്ളത്. നേരത്തെ 107 വരെ ഉയര്‍ന്നിരുന്നു. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടും. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ക്ക് മൂല്യം ഉയരുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്നതുമാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഡോളറിനെതിരെ 83.07 എന്ന നിരക്കിലാണ് രൂപ. ഡോളര്‍ മൂല്യം കുറഞ്ഞതാണ് രൂപയ്ക്ക് നേട്ടമായത്. അതേസമയം, ആശങ്കപ്പെടുത്തുന്നത് എണ്ണവിലയാണ്. നിലവില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90.38 ഡോളര്‍ എന്ന നിരക്കിലാണ്. ഇത് ഏത് സമയവും കയറിയേക്കും.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് എണ്ണവിലയ്ക്ക് ഭീഷണിയായി തുടരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാന രാജ്യങ്ങള്‍ മുന്‍കൈയ്യെടുക്കാത്തതാണ് പ്രതിസന്ധി. ചില അറബ് രാജ്യങ്ങള്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അമേരിക്കയോ യൂറോപ്പോ സമാധാന ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നില്ല. കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിച്ചാല്‍ എണ്ണവില ഉയരും. സ്വര്‍ണത്തിന് വില വര്‍ധിക്കാനും കാരണമാകും.