കൊച്ചി: ഏതാനും ദിവസത്തെ കുറവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് അയ്യായിരം രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഒരു ട്രോയ് ഔണ്‍സിന് 1,987.51 ഡോളറാണ് വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ 160 രൂപയും ശനിയാഴ്ച്ച 80 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇടയ്ക്ക് സ്വര്‍ണവിലയില്‍ വര്‍ധനവുമുണ്ടായിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പും ചൈന- യുഎസ് ബന്ധവും സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടത്തിന് കാരണമായേക്കാമെന്നാണ് സൂചന.
ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയിലെ കുറവ് തുടരുകയാണ്. സാമ്പത്തിക മാന്ദ്യം മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട ഇറക്കുമതി കുറവ് ഈ വര്‍ഷവും തുടരുകയാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് തുടരുമ്പോഴും സ്വര്‍ണത്തിലെ ഇ ടി എഫ് നിക്ഷേപത്തില്‍ (ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്‍കുതിപ്പാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ജൂണ്‍ മാസത്തേക്കാള്‍ 86 ശതമാനം നിക്ഷേപമാണ് ജൂലൈയില്‍ സ്വര്‍ണത്തിലെ ഇ ടി എഫില്‍ വര്‍ധിച്ചത്.