കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. മൂന്ന് ദിവസം മുമ്പ് പവന് 1000ത്തിലധികം രൂപ ഉയര്‍ന്ന ശേഷമുള്ള രണ്ടാമത്തെ വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് നിരീക്ഷണം.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം സങ്കീര്‍ണമായതാണ് വിപണിയിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണം. സമാധാന ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും എല്ലാം തകിടം മറിച്ച് ഗാസയിലെ ആശുപത്രിയില്‍ ആക്രമണമുണ്ടാകുകയും 500ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം വേഗത്തില്‍ അവസാനിക്കില്ലെന്ന് മാത്രമല്ല, വ്യാപിക്കാനുള്ള സാധ്യതയും ഉടലെടുത്തിരിക്കുകയാണ്.
ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില. പവന് 400 രൂപ വര്‍ധിച്ച് 44360 രൂപയിലെത്തി. കഴിഞ്ഞ ദിവസം 43960 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കണമെങ്കില്‍ 5545 രൂപ നല്‍കണം. എണ്ണവിലയിലും വലിയ വര്‍ധവവ് വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
10 ദിവസം മുമ്പ് ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങിയ വേളയില്‍ എണ്ണ വില ബാരലിന് 83 ഡോളറില്‍ നിന്ന് രണ്ട് ഘട്ടമായി ഉയര്‍ന്ന് 91ലേക്ക് എത്തിയിരുന്നു. ഈ വേളയിലാണ് സ്വര്‍ണവില ഒരു ദിവസം മാത്രം 1120 രൂപ വര്‍ധിച്ചത്. പിന്നീട് എണ്ണവിലയില്‍ ഇടിവ് പ്രകടമായി. ഒപ്പം തന്നെ സ്വര്‍ണവിലയിലും കുറവുണ്ടായി. എന്നാല്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 91.58 ഡോളറിലെത്തി.
അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. 106.50ല്‍ നിന്ന് 106.19ലേക്ക് എത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.23ല്‍ നില്‍ക്കുകയാണ്. വിപണിയില്‍ ആശങ്ക ഉടലെടുത്താല്‍ നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. ഏത് പ്രതിസന്ധിയിലും ലാഭം കൊയ്യാന്‍ പര്യാപ്തമായ ലോഹമാണ് സ്വര്‍ണം.
നിലവില്‍ പലസ്തീനും ഇസ്രായേലും എണ്ണ വിപണിയില്‍ നേരിട്ട് ഇടപെടുന്ന രാജ്യങ്ങളല്ല. എന്നാല്‍ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം പ്രധാന വ്യാപാരം എണ്ണയാണ്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ ലോകത്തെ പ്രധാന ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസപ്പെടുമോ എന്ന ആശങ്കയുമുണ്ട്.
വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ്. ഒരു പവന്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ വിപണി വിലയില്‍ നിന്ന് 1000 രൂപ കുറച്ച് കിട്ടുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ സ്വര്‍ണം തിരിച്ചെടുക്കുക.