കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും വര്‍ധിക്കുന്നു. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ശനിയാഴ്ചയും തിങ്കളാഴ്ചയും കേരള വിപണിയില്‍ പവന് 120 വീതം വര്‍ധിച്ചിരുന്നു. ഇന്നും സമാനമായ രീതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 43600 രൂപയായിരുന്നു. പിന്നീട് പതിയെ വില ഉയരുന്നതാണ് ട്രെന്‍ഡ്. ഇത് തുടര്‍ന്നാല്‍ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം കുതിക്കും. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനും സ്വര്‍ണവിലയില്‍ പ്രകടമാകും.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44160 രൂപയാണ്. 120 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5520 രൂപയാണ്. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.
സ്വര്‍ണം വാങ്ങുന്നവര്‍ അല്‍പ്പം മടിച്ചു നില്‍ക്കാനാണ് സാധ്യത. വില കുറയുമോ എന്ന് കാത്തിരിക്കും. വലിയ തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കേണ്ട. വിപണിയില്‍ ആശങ്ക നിറയുമ്പോള്‍ സ്വര്‍ണത്തിന് വില കയറുകയാണ് ചെയ്യുക. സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ആവശ്യക്കാര്‍ ഏറിയാല്‍ വില കൂടും.
എണ്ണയ്ക്ക് വില ഉയരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 95 ഡോളര്‍ പിന്നിട്ടു. ആഴ്ചകള്‍ക്ക് മുമ്പ് 75 ഡോളറുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 20 ഡോളര്‍ വര്‍ധിച്ചിരിക്കുന്നത്. വൈകാതെ എണ്ണ 100 ഡോളറിലെത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇത് ഇന്ത്യ പോലുള്ള വിപണിക്ക് കനത്ത തിരിച്ചടിയാകും. അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും.
ഇന്ത്യയില്‍ സുപ്രധാനമായ തിരഞ്ഞെടുപ്പുകള്‍ വരികയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരും. ഈ സാഹചര്യത്തില്‍ എണ്ണവില വര്‍ധിപ്പിക്കുന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തില്ല എന്നാണ് കരുതുന്നത്. എന്നാല്‍ വിപണി സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് തീര്‍ച്ചയാണ്.
ഡോളര്‍ ഇന്‍ഡക്‌സ് 105ലാണുള്ളത്. രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ 83.26 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 83.22 ആയിരുന്നു. രൂപ മൂല്യം ഇടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടുമെന്നാണ് കരുതുന്നത്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്.