KeralaNews

സ്വർണക്കടത്ത്; വിമാനത്താവളത്തിൽ നിന്ന് 15 കിലോ സ്വർണം പിടികൂടിയതിന് പിന്നാലെ നടി രന്യയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് 2.67 കോടിയും 2.06 കോടിയുടെ സ്വർണവും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 14.2 കിലോ ഗ്രാം സ്വര്‍ണവുമായി അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ വീട്ടില്‍ പരിശോധന നടത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ഉദ്യോഗസ്ഥര്‍. ബെംഗളൂരു ലാവലി റോഡിലെ അപാര്‍ട്ട്മെന്റില്‍നിന്ന് 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു.

മൂന്ന് വലിയ പെട്ടികളും പരിശോധനയില്‍ പിടിച്ചെടുത്തതായി ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണവും പണവും ഉള്‍പ്പെടെ 17.29 കോടിയുടെ വസ്തുക്കളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.

കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡി.ജി.പി. രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളാണ് രന്യ. സ്വര്‍ണക്കടത്തിന് പോലീസ് സഹായം ലഭ്യമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇവര്‍ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പോലീസ് അകമ്പടിയുണ്ടാകാറുണ്ടെന്ന് പറയുന്നു.

ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടകളിലൊന്നാണിതെന്ന് ഡി.ആര്‍.ഐ. പറഞ്ഞു. തിങ്കളാഴ്ച ദുബായിയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരുവിലിറങ്ങിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രന്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തി കൂടുതല്‍ സ്വര്‍ണവും പണവും പിടികൂടിയത്.

കഴിഞ്ഞ 15 ദിവസത്തിനിടെ രന്യ നാലുതവണ ദുബായ് യാത്ര നടത്തിയിരുന്നു. ദുബായിയില്‍ പരിപാടിയോ ബന്ധുക്കളോ ഇല്ലെന്നിരിക്കേ, ആവര്‍ത്തിച്ചു നടത്തിയ യാത്ര ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തി. തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. സ്വര്‍ണ ബിസ്‌കറ്റ് ഉടുപ്പില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരികയായിരുന്നെന്നാണ് വിവരം.

പ്രമുഖ യുവനടിയും മോഡലുമാണ് രന്യ. 2014-ല്‍ ഇറങ്ങിയ കന്നഡ ചിത്രം മാണിക്യയിലൂടെയാണ് സിനിമയിലെത്തിയത്. 2016-ല്‍ ഇറങ്ങിയ തമിഴ് ചിത്രം വാഗയിലും 2017-ലെ കന്നഡ ചിത്രം പഠാക്കിയിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker