ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെയാണെന്ന് സര്‍വ്വേ. അതേസമയം, പുരുഷന്മാരാകട്ടെ 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളെയാണ് തേടുന്നതെന്നും വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡന്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ പുരുഷന്മാര്‍ തുറന്ന ബന്ധങ്ങള്‍ക്ക് സമ്മതമാണെന്നാണ് പൊതുവേ പറഞ്ഞിരിക്കുന്നത്. ‘കൗതുകമുണര്‍ത്തുന്ന എന്തിനും’ തയാറാണെന്നും പറയുന്നതില്‍ പുരുഷന്മാര്‍ തന്നെ മുന്നില്‍. അതേസമയം ഇന്ത്യന്‍ സ്ത്രീകള്‍ കുറച്ചുകൂടി മുന്‍കരുതലോടെയാണ് വിവാഹേതര ബന്ധങ്ങളെ സമീപിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ബന്ധം മാത്രം മതിയെന്നാണ് സ്ത്രീകളില്‍ ഭൂരിഭാഗവും പറയുന്നത്.
കംപ്യൂട്ടറുകളേക്കാള്‍ സ്മാര്‍ട് ഫോണുകള്‍ വഴിയാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതെന്നും ഗ്ലീഡന്‍ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനിലെത്തുന്നവര്‍ മൂന്ന് തവണയായി ദിവസം ശരാശരി ഒന്നര മണിക്കൂറാണ് ചെലവഴിക്കുന്നത്. ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെയുള്ള വിശ്രമ വേളയിലും രാത്രി 10 മുതല്‍ പാതിരാത്രി വരെയുമാണ് ആപ്ലിക്കഷനിലെത്തി ചാറ്റിങ് നടത്തുന്നത്. പങ്കാളി ഉറങ്ങുകയോ ശ്രദ്ധ മറ്റെന്തിലെങ്കിലുമായിരിക്കുമ്പോഴോ ആണ് ആപ്ലിക്കേഷന്‍ തുറക്കുന്നതെന്നും ഗ്ലീഡന്‍ വസ്തുതകള്‍ നിരത്തി പറയുന്നു.
ബംഗളൂരുവാണ് സ്ത്രീകളുടെ വിവാഹേതര ബന്ധത്തില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്ത് കൊല്‍ക്കത്തയും മൂന്നാമത് മുംബൈയുമുണ്ട്. ഉപഭോക്താക്കളില്‍ നാലാം സ്ഥാനത്തുള്ള ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഈ വിവാഹേതര ബന്ധത്തിനായുള്ള ഡേറ്റിങ് ആപ്പിലേത്തുന്നത്. ഗ്ലീഡനിലെത്തുന്നവരില്‍ 18 ശതമാനത്തോളം പേര്‍ സ്വന്തം ലിംഗത്തില്‍ നിന്നുള്ളവരുമായി വിവാഹേതര ബന്ധം ആഗ്രഹിക്കുന്നവരാണ്. ഇതില്‍ ആറ് ശതമാനം പുരുഷന്മാരും 12 ശതമാനം സ്ത്രീകളുമാണ്. സ്വവര്‍ഗ്ഗാനുരാഗം വെളിപ്പെടുത്തുന്നവര്‍ ഇന്ത്യയില്‍ കുറവാണെങ്കിലും 377ആം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സ്വന്തം ലൈംഗിക വ്യക്തിത്വം പരസ്യമാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഗ്ലീഡന്റെ കണക്കുകള്‍ പറയുന്നു.