വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് റിപ്പോര്‍ട്ട്; തൃശൂരിലെ സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ
തൃശ്ശൂര്‍: വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബില്‍ നിന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ട പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടടറുടെ നിര്‍ദേശപ്രകാരമാണ് വാടാനപ്പിള്ളിയിലെ സെന്‍ട്രല്‍ ലാബില്‍ പരിശോധന നടത്തിയത്. വയറില്‍ ക്യാന്‍സറാണെന്നായിരുന്നു ലാബില്‍ നിന്ന് ലഭിച്ച സ്‌കാന്‍ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് കണ്ട് ആശങ്കപ്പെട്ട പുഷ്പലത തൃശ്ശൂരിലെ അമല കാന്‍സര്‍ സെന്ററില്‍ എത്തി ഡോ മോഹന്‍ദാസിനെ കണ്ടു. റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോഴാണ് ക്യാന്‍സറല്ലെന്ന് കണ്ടെത്തിയത്.
വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യ റിപ്പോര്‍ട്ട് കണ്ടശേഷം കടുത്ത മാനസികപ്രയാസത്തിലായിരുന്നു താനും കുടുംബവും എന്ന് പുഷ്പലത പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാബിനെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്പലത.