കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടി മരിച്ചനിലയിൽ
പത്തനംതിട്ട: കോന്നിയിലെ ബാലികാസദനത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ സ്വദേശിനി സൂര്യയെയാണ് കോന്നി ശബരി ബാലികാസദനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ശേഷമായിരുന്നു സംഭവം.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാലികാസദനത്തിലെ അന്തേവാസിയാണ് സൂര്യ. അമ്മയുടെ മരണത്തെത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടിയെ ബാലികാസദനത്തില്‍ പാര്‍പ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മറ്റുകുട്ടികള്‍ക്കൊപ്പം സൂര്യയും എഴുന്നേറ്റിരുന്നു. എന്നാല്‍ അല്പസമയത്തിന് ശേഷം സൂര്യയെ കാണാതായി. മറ്റു കുട്ടികള്‍ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളില്‍ തുണി അലക്കാനിടുന്ന സ്ഥലത്ത് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കുട്ടികള്‍ തന്നെ കയര്‍ അറത്തുമാറ്റുകയും സൂര്യയെ താഴെയിറക്കുകയും ചെയ്തു. സമീപവാസികളെ വിളിച്ച് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തില്‍ ബാലികാസദനത്തിന്റെ നടത്തിപ്പുകാരില്‍നിന്നടക്കം പോലീസ് മൊഴിയെടുക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.