BusinessInternationalNews

ജർമനി മാന്ദ്യത്തിലേക്ക് വീണു; ഇന്ത്യൻ വിപണിയില്‍ പ്രതിഫലിയ്ക്കുമോ?

മുംബൈ:2023 വർഷത്തിനിടെ ലോകത്തെ പ്രധാന രാജ്യങ്ങൾ, സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത പ്രവചിക്കുന്ന ഒരു ചാർട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചാർട്ടിൽ ആഗോള തലത്തിലെ പ്രമുഖ സമ്പദ്ഘടനകളിലൊന്നായ ഇന്ത്യ, സാമ്പത്തിക മാന്ദ്യത്തിലേക്ക് (Recession) വീഴാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കിയതാണ്, സൈബറിടങ്ങളിൽ ആവേശം വിതറിയത്.

ഇതേ ചാർട്ടിൽ, ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ഘടനയുമായ ജർമനി, ഈ വർഷം മാന്ദ്യം നേരിടാനുള്ള സാധ്യത 60 ശതമാനത്തോളമുണ്ടെന്ന് പ്രവചിച്ചിരുന്നു. ഇതു ശരിവെയ്ക്കും വിധമാണ് കഴിഞ്ഞയാഴ്ചയോടെ ജർമനി, സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണത്.

2022-ലെ അവസാന പാദത്തിൽ നേരിട്ട 0.5 ശതമാനം വളർച്ചാ ഇടിവിനൊപ്പം, 2023-ന്റെ ആദ്യ പാദത്തിലും കൂടി രാജ്യത്തിന്റെ ജിഡിപി നിരക്കിൽ 0.3 ശതമാനം വീതം തളർച്ച രേഖപ്പെടുത്തിയതോടെയാണ്, ജർമനി ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണതായി കണക്കാക്കുന്നത്. തുടർച്ചയായി രണ്ട് സാമ്പത്തിക പാദങ്ങളിൽ ജിഡിപി വളർച്ചാ നിരക്ക് ഇടിവ് രേഖപ്പെടുത്തുമ്പോഴാണ്, ആ സമ്പദ്‍വ്യവസ്ഥ, മാന്ദ്യത്തിലേക്ക് കടന്നതായി പൊതുവിൽ വിലയിരുത്തപ്പെടുക. ഈ മാനദണ്ഡം അനുസരിച്ചാണ് ജർമനി, റിസഷനിലേക്ക് കടന്നതായി കണക്കാക്കിയത്.

റഷ്യ – ഉക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധനവില കുതിച്ചു കയറിയതും വിതരണ ശൃംഖലയിലെ താളപ്പിഴകളുമാണ് ജർമനിയുടെ വളർച്ച പിന്നോട്ടടിച്ചത്. ഇതോടെ ആഗോള വിപണികളിൽ അപായ മണി മുഴങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജർമനി മാന്ദ്യത്തിലേക്ക് വീണതിന്റെ പിന്നാലെ അടുത്തത് ആരാണെന്ന ചോദ്യവും വിവിധ കോണുകളിൽ നിന്നും ഉയരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഓഹരി വിപണികളെ കാത്തിരിക്കുന്നതും വൻ തിരിച്ചടിയാണോയെന്ന് നിക്ഷേപകർക്കിടയിൽ ആശങ്ക ജനിച്ചിട്ടുണ്ട്.

ഓഹരി വിപണികളുടെ പൂർവകാല ചരിത്രം നോക്കിയാൽ, സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് നിക്ഷേപകർ അധികം ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സാമ്പത്തിക തളർച്ച ഉരുത്തിരിയുന്ന ഘട്ടങ്ങളെയൊക്കെ, താരതമ്യേന ഭേദപ്പെട്ട നിലയിൽ ഓഹരി വിപണി നേരിടുന്നുവെന്നാണ്, അമേരിക്കൻ ധനകാര്യ സേവന സ്ഥാപനമായ ഫിഡലിറ്റിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഡേറ്റയിൽ നിന്നും വ്യക്തമാകുന്നത്.

ഇതു പ്രകാരം, 1945 മുതൽ ഇങ്ങോട്ട് അമേരിക്ക നേരിട്ടിട്ടുള്ള സാമ്പത്തികമാന്ദ്യ കാലയളവിലൊക്കെ, പ്രധാന ഓഹരി സൂചികയായ എസ്&പി 500, ശരാശരി 1 ശതമാനം നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു കേൾ‌ക്കുമ്പോൾ പെട്ടെന്ന് യുക്തിസഹമല്ലല്ലോയെന്ന് തോന്നാം. പക്ഷേ, കാര്യങ്ങളെ നോക്കിക്കാണുന്ന വീക്ഷണകോൺ ഒന്നു മാറ്റിപ്പിടിച്ചാൽ, വേറിട്ടൊരു കാഴ്ചപ്പാട് ലഭിക്കും എന്നതാണ് വസ്തുത.

ഓഹരി വിപണിയും സമ്പദ്ഘടനയെ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. എന്നാൽ സംഭവിക്കാവുന്ന വിഷയങ്ങളെ, ഓഹരി വിപണികൾ കാലേക്കൂട്ടി തന്നെ ഉൾക്കൊള്ളുന്നിടത്താണ് വ്യത്യാസം നിഴലിക്കുന്നത്. അതായത്, സമ്പദ്ഘടന യഥാർത്ഥത്തിൽ മാന്ദ്യത്തിലേക്ക് കടക്കുന്നതിന് മുമ്പെ ഓഹരി വിപണി താഴേക്ക് ഇറങ്ങുകയും മാന്ദ്യം അവസാനിക്കാറുകുമ്പോഴേക്കും തിരികെ കയറിത്തുടങ്ങുകയും ചെയ്യുന്നുവെന്ന് സാരം. ഇതുകൊണ്ടാണ് ഫിഡലിറ്റിയുടെ ഡേറ്റയിൽ, സാമ്പത്തികമാന്ദ്യ കാലയളവിനിടയിലും ഓഹരി വിപണി നേട്ടം കരസ്ഥമാക്കിയതായി കാണപ്പെടുന്നത്.

ഫിഡലിറ്റിയുടെ ഡേറ്റയിൽ, സാമ്പത്തികമാന്ദ്യം നേരിടുന്നതിനിടെ ഓഹരി വിപണി തകർന്നടിയുന്ന സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 1990-ൽ നേരിട്ട മാന്ദ്യത്തിനിടെ എസ്&പി 500 സൂചികയിൽ ശരാശരി 8.8 ശതമാനം നിരക്കിൽ ഇടിവ് കുറിച്ചു. 1990-ന് മുമ്പുള്ള കാലഘട്ടത്തേക്കാൾ ഇതു മോശം പ്രകനമാണെന്നും കാണാം. അതുപോലെ 2008-ലെ സാമ്പത്തിക മാന്ദ്യത്തിനിടെ, അമേരിക്കൻ ഓഹരി സൂചികകൾ 36 ശതമാനം ഇടിവ് നേരിട്ടു.

2007 ഡിസംബർ മുതൽ 2009 ജൂൺ വരെയായിരുന്നു അന്ന് സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടത്. സമാനമായുള്ള വലിയ തിരിച്ചടി 1973 നവംബറിനും 1975 മാർച്ചിനും ഇടയിലുള്ള കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. അന്ന് ഓഹരി സൂചികയിൽ 20 ശതമാനം തിരുത്തലാണ് നേരിട്ടത്. അതിനാൽ അമേരിക്കൻ സമ്പദ്ഘടനയിൽ ഇനി സംഭവിക്കാവുന്ന മാന്ദ്യം, മറ്റ് ഓഹരി വിപണികളിലും പ്രത്യാഘാതം സ‍ൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന് കരുതാം.

നിലവിൽ ലഭ്യമായിട്ടുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആഭ്യന്തരമായ കാരണങ്ങളാൽ 2023-ൽ ഇന്ത്യൻ സമ്പദ്ഘടന, ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നാണ് വിപണി വിദഗ്ധർ പൊതുവേ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ആഗോള തലത്തിൽ, പ്രത്യേകിച്ചും അമേരിക്കൻ വിപണിയിൽ നേരിടുന്ന തിരിച്ചടി, ഇന്ത്യൻ വിപണിയേയും ബാധിക്കാം. അതിനാൽ ദീർഘകാലയളവ് കണക്കാക്കിയുള്ള നിക്ഷേപ സമീപനം നിലനിർത്തുന്നതാകും ഗുണകരം.

അടിസ്ഥാനപരമായി മികച്ച നിലയിലുള്ളതും രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമാകുന്ന കമ്പനികളുടെ ഓഹരികൾ ഭാവിയിലേക്ക് മികച്ച നേട്ടം നൽകിത്തരുന്നവയാണ്. ഹ്രസ്വകാലയളവിൽ തിരിച്ചടി നേരിട്ടാലും കമ്പനിയുടെ ഭാവി സാധ്യതകൾ ശക്തവും അടിസ്ഥാനം ഭദ്രവുമാണെങ്കിൽ അത്തരം ഓഹരികൾ ദീർഘകാലത്തേക്ക് കൈവശം വെച്ചാൽ നിരാശപ്പെടേണ്ടി വരില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button