ബഹിരാകാശത്ത് മാലിന്യം കുമിഞ്ഞ് കൂടുന്നു; ഒരു ഉപഗ്രഹം കൂടി പൊട്ടിത്തെറിച്ചു; ആശങ്ക

ബഹിരാകാശത്ത് മാലിന്യത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ഉപഗ്രഹം കൂടി ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതോടെയാണ് മാലന്യത്തിന്റെ അളവിൽ വീണ്ടും വർദ്ധനവുണ്ടായത്. 4300 മില്യൺ മാലിന്യമാണ് നിലവിൽ ബഹിരാകാശത്ത് ഉള്ളതെന്നാണ് റിപ്പോർട്ട്. യൂറോപ്പ്, മദ്ധ്യ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ബാധിക്കുന്ന ഇൻർൽസാറ്റ് 33 ഇ എന്ന ആശയവിനിമയ ഉപഗ്രഹമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.
ബോയിംഗ് കമ്പനി നിർമിച്ച ഇൻർൽസാറ്റ് 33 ഇ 2016ലാണ് വിക്ഷേപിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിലാണ് ഇത് പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായത്. ഉപഗ്രഹം പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സ്‌പേസ് ഫോഴ്‌സ് സ്‌പേസസ് ഒക്‌ടോബർ 20നാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ഉപഗ്രഹം 20 കഷ്ണങ്ങളായി തകർന്നിട്ടുണ്ട്. പൊട്ടിത്തെറിക്ക് മുമ്പ് ഈ ഉപഗ്രഹത്തിലെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായിരുന്നു.
ഇതിന് മുമ്പും ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ പൊട്ടിത്തെറികളും ബോധപൂർവമായ ഉപഗ്രഹ നാശങ്ങളും കൂട്ടിയിടികളുമെല്ലാം സംഭവിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗമാണ് ബഹിരാകാശ മാലിന്യങ്ങളായി കുമിഞ്ഞുകൂടുന്നത്. 2023ൽ ബഹിരാകാശ മാലിന്യത്തിന് ടെലിവിഷൻ ഡിഷ് കമ്പനിക്ക് പിഴ ചുമത്തിയിരുന്നു. 12 കോടി രൂപയാണ് പിഴ ചുമത്തിയത്.