പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വ്യാപക റെയ്ഡ്; യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നടക്കം കഞ്ചാവ് പിടിച്ചെടുത്തു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന വ്യാപക റെയ്ഡില്‍ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നടക്കം കഞ്ചാവ് പിടിച്ചെടുത്തു. നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 16 ബ്ലോക്കുകളിലും, ആശുപത്രിയിലുമാണ് വ്യാപക പരിശോധന നടത്തിയത്. പരിശോധനയില്‍ 7 പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി. പതിനഞ്ച് കവര്‍ ബീഡി, ലൈറ്ററുകള്‍, പാന്‍പരാഗ് ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങളും പണവുമാണ് പിടിച്ചെടുത്തത്.
റിമാന്‍ഡിലുള്ള യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെയും, പി.എസ്.സി പരീക്ഷാ തട്ടിപ്പിലെയും പ്രതിയായ നസീമില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. നസീം ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയും കേസെടുക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൂജപ്പുര പോലീസിന് നിര്‍ദ്ദേശം നല്‍കി. പരിശോധന മൂന്ന് മണിക്കൂര്‍ നീണ്ടു.