ചേര്‍ത്തല: ചേര്‍ത്തലയില്‍ 1.2 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പട്ടണക്കാട് മേനാശേരി പടന്നതറ വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ അനില്‍ മോഹനാണ് പിടിയിലായത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ സംഘമാണ് പ്രതിയെ പിടികൂടിയത്.
അനില്‍ മോഹനില്‍ നിന്നു കഞ്ചാവ് വാങ്ങുവാന്‍ എത്തിയ വെട്ടക്കല്‍ 15 ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ശരത്ത് എന്നയാള്‍ എക്‌സൈസിനെ കണ്ടയുടന്‍ ഓടിരക്ഷപെട്ടു. ശരത്തിനെ രണ്ടാം പ്രതിയാക്കി കേസ് എടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ റോയ് അറിയിച്ചു. ലോക്ക് ഡൗണ്‍ സമയത്തു തൊഴില്‍ നഷ്ടപെട്ടത്തോടെയാണ് ഇവര്‍ കഞ്ചാവ് കച്ചവടത്തിലേക്കു തിരിഞ്ഞത്.
എറണാകുളം ഞാറക്കല്‍ ഭാഗത്തു നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. ആവശ്യക്കാര്‍ പണം നല്‍കുന്ന മുറക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് രീതി. ശരത് പണം നല്കിയതനുസരിച്ച് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് അനില്‍ മോഹന്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ശരത്തിനെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അനില്‍ മോഹന്‍ കഞ്ചാവ് കടത്തുവാന്‍ ഉപോയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിയാസ് ബി.എം, അനിലാല്‍, പ്രീവന്റീവ് ഓഫീസര്‍മാരായ ഷിബു പി ബെഞ്ചമിന്‍, ഡി മയാജി, ആര്‍ അശോകന്‍ ഡ്രൈവര്‍ എസ്.എന്‍ സന്തോഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.