അട്ടപ്പാടിയില്‍ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലാണ് സംഭവം. വിപണിയില്‍ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നാലടിയോളം ഉയരത്തിലുള്ള കഞ്ചാവ് ചെടികളാണ് ഇവിടെയുണ്ടായിരുന്നത്. അഗളി എഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അട്ടപ്പാടിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വലിയ കഞ്ചാവ് തോട്ടം കണ്ടെത്തിയിരുന്നു.
പാടവയല്‍ ആനവായ് ഗലസി ഊരിന് സമീപം പൊടിയറ മലയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 408 കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്. തടമെടുത്ത് രാസവളപ്രയോഗത്തിലൂടെ പരിപാലിച്ചു പോന്നിരുന്ന നിലയിലായിരുന്നു കഞ്ചാവ് ചെടികള്‍. അട്ടപ്പാടിയില്‍ വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി വ്യാപകമാണ്. കുത്തനെയുള്ള മലകള്‍ കയറിയിറങ്ങിയും കൊടും വനങ്ങളിലൂടെ സഞ്ചരിച്ചും മാത്രമേ വനം വകുപ്പിനും എക്സൈസിനുമെല്ലാം ഇത്തരം പ്രദേശങ്ങളില്‍ പരിശോധനയ്ക്കെത്താന്‍ സാധിക്കുകയുള്ളൂ.