CrimeKeralaNews

രണ്ടു കെട്ടിയ ജിന്നുമ്മ; മാന്ത്രിക ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഗഫൂറിന് മരുന്നുകള്‍ നല്‍കി; മയങ്ങി വീണപ്പോള്‍ മോഷണം;അരുംകൊല

കാസര്‍കോട്: പ്രവാസി വ്യവസായി കാസര്‍കോട് പള്ളിക്കര പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ (55) മരണത്തില്‍ നിര്‍ണ്ണായകമായത് രണ്ടാം ഘട്ട അന്വേഷണം. പ്രതികളുടെ പേരടക്കം നല്‍കി കുടുംബം പരാതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ ബേക്കല്‍ പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ലെന്നതാണ് വസ്തുത. പ്രതികള്‍ക്ക് കര്‍ണാടകയിലടക്കം കണ്ണികളുണ്ടെന്നും അബ്ദുള്‍ ഗഫൂറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

2023 ഏപ്രില്‍ 14നായിരുന്നു ഗഫൂറിന്റെ മരണം. സംഭവത്തില്‍ വീടുകളില്‍ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭര്‍ത്താവ് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാന്‍ മുക്കൂട് ജീലാനി നഗറിലെ അസ്‌നിഫ (36), മധൂര്‍ കൊല്ല്യ ഹൗസില്‍ ആയിഷ (43) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവന്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ അബ്ദുള്‍ ഗഫൂര്‍ ഹാജിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് സ്വര്‍ണവും വാങ്ങി. സ്വര്‍ണം തിരിച്ചു ചോദിക്കാന്‍ തുടങ്ങിയതോടെ പണം ഇരട്ടിപ്പിച്ചു നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികള്‍ സംഭവ ദിവസം വീട്ടിലെത്തിയത്. തുടര്‍ന്നായിരുന്നു കൊലപാതകം.

മാന്ത്രിക ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില മരുന്നുകള്‍ ഗഫൂറിന് നല്‍കിയ ശേഷമായിരുന്നു കൊലപാതകം. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നു. പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം കാസര്‍കോട്ടെ അഞ്ച് ജുവലറികളില്‍ വിറ്റു. സമാന രീതിയില്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഇവര്‍ പങ്കാളികളായായിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പലയിടങ്ങളില്‍ നിന്നായി ധാരാളം പണം ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്. സിനിമാക്കാരും രാഷ്ട്രീയക്കാരുമെല്ലാം ഇവരുടെ അനുയായികളാണെന്നും സൂചനകള്‍ കി്ടിയിട്ടുണ്ട്.

തകിട് മന്ത്രിച്ച് നല്‍കിയാല്‍ പോലും അമ്പതിനായിരം രൂപ ജിന്നുമ്മ കൈപ്പറ്റിയിരുന്നു. ജിന്നുമ്മയുടെയും ഉവൈസിന്റെയും സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.2023 ഏപ്രില്‍ 14 നാണ് പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി. അബ്ദുള്‍ ഗഫൂറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഖബറടക്കം നടത്തി. എന്നാല്‍, സ്വര്‍ണാഭരണങ്ങള്‍ കാണാതായതില്‍ സംശയം തോന്നി ഇദ്ദേഹത്തിന്റെ മകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണു കേസെടുത്തത്.

പിതാവിന്റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും അഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 2023 എപ്രില്‍ 27ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തലയ്ക്കു ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

മരിച്ചയാളും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഗഫൂറില്‍നിന്നു മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി: കെ.ജെ. ജോണ്‍സണ്‍ന്റെയും ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.

’16മാസം ബേക്കല്‍ പൊലീസ് കേസ് കൈകാര്യം ചെയ്തിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. നല്ല രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ അന്നേ പിടിയിലാകുമായിരുന്നു. അന്ന് ഞങ്ങള്‍ പറഞ്ഞ പ്രതികളെ തന്നെയാണ് ഇപ്പോള്‍ പിടികൂടിയത്. ആദ്യം കൊടുത്ത പരാതിയില്‍ തന്നെ ഇവരുടെ പേര് പറഞ്ഞിരുന്നു. അതില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴത്തെ അന്വേഷണം നല്ല തൃപ്തികരമായി മുന്നോട്ടുപോകുന്നുണ്ട്’ -ഹാജിയുടെ ബന്ധുക്കള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker