കോളേജ് വിദ്യാർത്ഥികൾക്കും ഇനി മുതൽ സൗജന്യഭക്ഷണം; കൃഷിപ്പണിക്കിറങ്ങിയാൽ മണിക്കൂറിന് 100 രൂപ വച്ച് പ്രതിഫലവും
തിരുവനന്തപുരം: സ്കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സർക്കാർ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് കാന്റീൻ വഴി സൗജന്യമായി ഉച്ചഭക്ഷണം നൽകിയേക്കും. ഇതിന് മുന്നോടിയായി കാന്റീൻ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി.
അർഹരായ വിദ്യാർത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനാണ് നീക്കം. മറ്റുള്ള വിദ്യാർത്ഥികൾക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകി ഉച്ചഭക്ഷണം കഴിക്കാം. സൗജന്യ ഭക്ഷണവും സബ്സിഡിയും നൽകുന്നതിനായി ഒരു കോളേജിന് മാസം അഞ്ച് ലക്ഷം രൂപ വരെ പരമാവധി അനുവദിക്കും.
കാമ്പസിൽ കൃഷി നടത്തുന്നതിനും കൃഷിപ്പണിയിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണിക്കൂറിൽ 100 രൂപ വീതം പ്രതിഫലം നൽകുന്നതിനും സർക്കാർ തീരുമാനിച്ചു. ഇതിനായി സർക്കാർ വക കോളേജുകൾക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.
സൗജന്യ ഉച്ചഭക്ഷണം : 4 മാനദണ്ഡങ്ങൾ
30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ
30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതർ
മാതാപിതാക്കൾ മരിച്ചവർ.
രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവർ.