പാലാരിവട്ടം അപകടത്തില്‍ നാല് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എഞ്ചിനീയര്‍മാരായ ഇ.പി സൈനബ, സൂസന്‍ സോളമന്‍ തോമസ്, പി.കെ ദീപ, കെ.എന്‍ സുര്‍ജിത് എന്നിവരെയാണ് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തത്.
പിഡബ്ല്യൂഡി വിജിലന്‍സ് വിഭാഗത്തോട് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. പാലാരിവട്ടം അപകടത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഡുകളുടെ നിലവിലെ സ്ഥിതിയറിയാന്‍ കോടതി അമിക്യസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. മൂന്ന് അഭിഭാഷകരെയാണ് അമിക്യസ് ക്യൂറിയായി നിയമിച്ചത്. പൊതുമരാമത്ത് റോഡുകളില്‍ അപകടകരമായ സാഹചര്യമുണ്ടായാല്‍ ഉടന്‍ അപകടമുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.