മോസ്‌കോ: റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിന് സമീപത്തെ നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് കൈമാറാൻ രാജ്യത്തെ ഇന്ത്യൻ അധികൃതർ റഷ്യൻ അധികാരികളുമായി ബന്ധപ്പെട്ടു. 18-20 വയസ്സിന് ഇടയിലുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. വെലിക്കി നോവ്ഗൊറോഡ് നഗരത്തിലെ നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവർ പഠിച്ചിരുന്നത്.
വോൾഖോവ് നദിയിൽ ഇറങ്ങിയ പെൺകുട്ടിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനിറങ്ങിയ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നു. ഒരാളെ ഓടിക്കൂടിയവർ രക്ഷിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് അയക്കാനുള്ള ശ്രമത്തിലാണെന്നും രക്ഷപ്പെട്ട വിദ്യാർഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നും മോസ്കോയിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.