ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്ന ജഡ്ജിക്ക് ഭീഷണിക്കത്ത്. കേസില്‍ അറസ്റ്റിലായ നടിമാർക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് കത്തിലെ ഭീഷണി. ഡിറ്റണേറ്റർ എന്ന് തോന്നിക്കുന്ന വസ്തുവും കത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം ലഹരികടത്തിലെ ഹവാല ഇടപാടന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുഹമ്മദ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ബെംഗളൂരുവിലെ ലഹരി കടത്തുസംഘങ്ങൾക്കെതിരെ എന്‍സിബിയും സിസിബിയും രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക എന്‍ഡിപിഎസ് കോടതി ജഡ്ജിക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്. കത്തിനൊപ്പം ഡിറ്റനേറ്ററെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളുമുണ്ടായിരുന്നു. തുടർന്ന് ബോംബ്സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചാണ് പാക്കറ്റ് തുറന്നത്. ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ രണ്ട് നടിമാർക്ക് ജാമ്യം നല്‍കണമെന്നും ഇല്ലെങ്കില്‍ ബോംബ് ഉപയോഗിച്ചുള്ള ആക്രമണമടിക്കില്ലെന്നുമാണ് കത്തിലെ സന്ദേശം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുംകൂരു ജില്ലയില്‍ നിന്നുള്ള 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ലഹരി കടത്തു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത മലയാളി മുഹമ്മദ് അനൂപിനെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ബംഗളൂരു സോണല്‍ ഓഫീസില്‍ കസ്റ്റഡിയിലുള്ള അനൂപിനെ ബുധനാഴ്ച വരെ ചോദ്യം ചെയ്യും. അനൂപിന് പണം നല്‍കിയ ബിനീഷ് കോടിയേരിയടക്കമുള്ളവരെ കഴിഞ്ഞ ആഴ്ച ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ ആദ്യമായാണ് ഒരാളെ ഇഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.