
ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ മാർച്ച് 2 ന് ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. ഗായിക അമിതമായ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് വിവരം. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഗായിക നിലവിൽ വെന്‍റിലേറ്ററിലാണ്
രണ്ട് ദിവസമായിട്ടും കൽപന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്‍റ് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അയൽക്കാർ പോലീസുമായി ബന്ധപ്പെട്ടു, പൊലീസ് എത്തിയാണ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചത്. കല്‍പ്പനയുടെ ആത്മഹത്യാശ്രമത്തിനു പിന്നിലെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു.
പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ മലയാളത്തിൽ പങ്കെടുക്കുകയും 2010-ൽ വിജയി ആകുകയും ചെയ്തിരുന്നു. ഇളയരാജ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സംഗീതസംവിധായകരുമായി കല്‍പ്പന പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചാം വയസ് മുതല്‍ സംഗീത രംഗത്ത് സജീവമാണ് കല്‍പ്പന.
നീണ്ട കരിയറിൽ വിവിധ ഭാഷകളിലായി 1,500-ലധികം ഗാനങ്ങൾ കല്‍പ്പന റെക്കോർഡുചെയ്‌തു. ആലാപനം കൂടാതെ, കമൽഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്തിരുന്നു കല്‍പ്പന.
ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ 1ൽ കൽപ്പന പങ്കെടുത്തിരുന്നു. എആർ റഹ്‌മാന്‍റെ മാമന്നനിലെ കൊടി പറകുര കാലം, കേശവ ചന്ദ്ര രാമാവത്തിലെ തെലങ്കാന തേജം എന്നിവ കല്‍പ്പനയുടെ സമീപകാല ഹിറ്റ് ചിത്രങ്ങളാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056